മലയാളി കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. മികച്ച അഭിനയശൈലി കൊണ്ടും അതിലുപരി മിമിക്രിയിലൂടെയുള്ള അനുകരണപാടവം കൊണ്ടുമാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്.
സ്വന്തം ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ വേദികളിൽ രസകരമായി അവതരിപ്പിച്ച് കാണികളെ കയ്യിലെടുക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ജയറാം ഇപ്പോൾ സജീവമായി അഭിനയം തുടരുന്നുണ്ട്.
മിമിക്രിയിലൂടെയാണ് താരം സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ചെയ്‌തുകൊണ്ട് മലയാളികളുടെ പ്രിയങ്കരനായ നടനായി അദ്ദേഹം മാറി. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനസിൽ സ്ഥിരസാന്നിധ്യമായി മാറിയ ജയറാം, ഇന്നും വിവിധ ഭാഷകളിലായി തിരക്കേറിയ അഭിനയജീവിതമാണ് നയിക്കുന്നത്.
ജയറാം, Photo: YouTube/ Screengrab
ഇപ്പോഴിതാ താൻ ജന്മനാ വലിയ നടൻ ഒന്നുമല്ലെന്നും തുടക്കകാലത്ത് തനിക്ക് ലഭിച്ച സംവിധായകരാണ് തന്നെ ഇങ്ങനെ ആക്കിയെടുത്തതെന്നും പറയുകയാണ് ജയറാം. പലരും തന്നെ മെത്തേഡ് ആക്ടർ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അത്തരത്തിലുള്ള തയ്യാറെടുപ്പുകളൊന്നും താൻ നടത്തിയിട്ടില്ലെന്നാണ് താരം പറയുന്നത്.
‘പലരും പറയും മെത്തേഡ് ആക്ടർ സ്‌റ്റൈൽ, അത് ഇത് എന്നൊക്കെ. ഞാൻ ഇന്നേവരെ ഒരു ക്യാരക്ടർ പോലും പ്രീപ്രയർ ചെയ്യാറില്ല. അത് ഇപ്പോൾ ഏത് ഭാഷയായാലും തമിഴ് ആണെങ്കിലും തെലുങ്ക് ആണെങ്കിലും കന്നഡയാണെങ്കിലും ഞാൻ ഇന്നേവരെ പ്രീപ്രയർ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. എനിക്കങ്ങനെ കഴിയില്ല. ഞാൻ അങ്ങനെ ജന്മനാ ഒരു ഭയങ്കര ആക്ടർ ആയിട്ട് വന്നതൊന്നുമല്ല.
സാഹചര്യങ്ങൾ കൊണ്ടും സ്റ്റേജ് പെർഫോമൻസ് കൊണ്ടും അങ്ങനെ സിനിമയിലേക്ക് വന്നു. വന്ന കാലത്ത് എനിക്ക് കിട്ടിയ ഡയറക്ടേഴ്സ് എല്ലാവരും, അവരുടെ കയ്യിൽ കിട്ടിയതുകൊണ്ട് അവർ നന്നാക്കി അതിനെ മോൾഡ് ചെയ്ത് എടുത്തു. അവരുടെ ഒക്കെ ഒരു സാന്നിധ്യം കൊണ്ടാണ് അവിടുന്നൊക്കെ കുറച്ചുകുറച്ചായി ഇമ്പ്രൂവ് ചെയ്യാൻ പറ്റിയത്,; ജയറാം പറഞ്ഞു.
സിനിമയിലേക്ക് എത്തിയ ആദ്യകാലത്ത് ലഭിച്ച അവസരങ്ങളും സംവിധായകരുടെ മാർഗനിർദേശങ്ങളുമാണ് തന്നെ ഒരു മികച്ച നടനാക്കി മാറ്റിയതെന്നും താരം പറയുന്നു.
ജയറാം, ഉർവശി , Photo: YouTube/ Screengrab
അതേസമയം, മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം-ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’ റിലീസിനൊരുങ്ങുകയാണ്. ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ജയറാം-ഉർവശി ടീം ഒരു വലിയ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം ക്രൈം കോമഡി വിഭാഗത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ടീസറിനും ട്രെയ്ലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഒരു പക്കാ ഫൺ എന്റർടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകിയത്.
തമിഴ് സിനിമാപ്രേമികൾക്കൊപ്പം മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി ‘പരിമള ആൻഡ് കോ’ മാറിക്കഴിഞ്ഞു. ജയറാമും ഉർവശിയും വീണ്ടും ഒന്നിക്കുന്നതിന്റെ കൗതുകവും ചിത്രത്തിന്റെ ക്രൈം കോമഡി പശ്ചാത്തലവും സിനിമയ്ക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുകയാണ്.
Content Highlight: Jayaram says that he is not a great actor, but the directors made him like this on the spot.