| Friday, 3rd April 2026, 10:56 pm

അല്ലെങ്കിലും പുളുക്കഥ പറയാന്‍ ജയറാമേട്ടനെ കഴിഞ്ഞേ ആളുള്ളൂ; ട്രോളന്മാര്‍ ഏറ്റെടുത്ത് താരത്തിന്റെ വീഡിയോ

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടനാണ് ജയറാം. കോമഡിയില്‍ നിന്നും സിനിമയിലെത്തിയ നടന്‍ 1988 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിലും സജീവമായ താരം വേദികളില്‍ തന്റെ മിമിക്രിയിലൂടെയും അവതരണത്തിലൂടെയും കാണികളെ കൈയിലെടുക്കാനുള്ള കഴിവിനാലും ശ്രദ്ധേയനാണ്.

ജയറാം. Photo: Reddit

പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നം സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഇവന്റിനിടെ ജയറാം സെറ്റിലെ വിശേഷങ്ങളെക്കുറിച്ച് ഹാസ്യരൂപേണ പറഞ്ഞത് വലിയ രീതിയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പഴയൊരു വീഡിയോയാണ് ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ കുത്തിപൊക്കി ആഘോഷിക്കുന്നത്. കുടുംബസമേതം ജയറാം എത്തിയ ചടങ്ങിനിടെയാണ് താരം തന്റെ ജീവിതത്തില്‍ നടന്ന സംഭവമെന്ന നിലയില്‍ ഒരു കഥ കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

‘കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഒരു പിഷാരടി കുട്ടി. ഭരതനാട്യത്തില്‍ വലിയ ഡാന്‍സറായിരുന്നു ആ കുട്ടി. ഒരു ദിവസം കുട്ടിയുടെ ഡാന്‍സ് പരിപാടിക്കിടെ കര്‍ട്ടന്‍ വലിക്കുന്ന ഡ്യൂട്ടി തനിക്ക് തരുമോ എന്ന് എന്‍.സി.സി.ക്കാരോട് ചോദിച്ചു, കാരണം അവിടെയെങ്കിലും ഷാരടിയുമായിട്ട് എന്തെങ്കിലും കണക്ഷന്‍ കിട്ടും എന്നായിരുന്നു എന്റെ പ്രതീക്ഷ.

അങ്ങനെ കര്‍ട്ടന്‍ വലിക്കാനായി ഞാനവിടെ ഇരുന്നു. ഷാരടി ഡാന്‍സ് തുടങ്ങി. ആ ഡാന്‍സ് കഴിയുന്നത് വരെ ആ കുട്ടി എന്റെ മുഖത്തേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അതിലുള്ള ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതെ കര്‍ട്ടന്‍ ഇനി ജീവിത കാലത്ത് ഒരു മനുഷ്യനെ കൊണ്ടും അഴിക്കാന്‍ കഴിയാത്ത രീതിയില്‍ ഞാന്‍ ഒരു കെട്ടിട്ടു. ഡാന്‍സ് കഴിഞ്ഞ് കൈ മേലേക്കുയര്‍ത്തി ഒറ്റക്കാലിലുള്ള ഒരു പോസിലാണ് ഷാരടി നിന്നത്.

കര്‍ട്ടനിടെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ആര് വിചാരിച്ചാലും ആ കര്‍ട്ടനിടാന്‍ സാധിക്കില്ല. ഷാരടി അവസാനം മടുത്ത് തൊഴുതിട്ട് പോകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഈ വിവരം കെട്ട പെണ്ണ് ഒറ്റക്കാലില്‍ തുള്ളി തുള്ളി സ്റ്റേജില്‍ നിന്നും പോകുകയാണ് ചെയ്തത്,’ ജയറാം പറഞ്ഞു.

ജയറാമിന്റെ തൊട്ട്പിന്നാലെ വേദിയിലിരുന്ന പാര്‍വ്വതി കഥയില്‍ വ്യക്തത വരുത്തിയതും കാണികളില്‍ ചിരിയുണര്‍ത്തി. ഈ ഷാരടിയുടെ കഥ ആദ്യമാണ് താന്‍ കേള്‍ക്കുന്നതെന്നും നല്ലൊരു കഥ നിങ്ങള്‍ കേട്ട് എന്‍ജോയ് ചെയ്തതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു പാര്‍വ്വതി പറഞ്ഞത്. കമന്റ് ബോക്‌സിലും ജയറാമിന്റെ കഥക്ക് ട്രോളുകളുമായി എത്തുന്നവരുണ്ട്.

ജയറാമും പാര്‍വ്വതിയും. Photo: News 18 Malayalam

കുറച്ച് കാലം ഇന്നസെന്റ് പറഞ്ഞ കഥയായിരുന്നിതെന്നും പേര് മാറ്റി ജയറാം എടുത്തെന്നും ഇനി വേറെ ഒരു പേരില്‍ മുകേഷും രമേശ് പിഷാരടിയും ഇത് അവതരിപ്പിക്കുമെന്നുമാണ് ഒരാള്‍ കമന്റിട്ടത്. പാര്‍വതി ചേച്ചി പറഞ്ഞത് നന്നായി ഇല്ലെങ്കില്‍ കഥ എല്ലാവരും വിശ്വസിച്ചേനെ എന്ന് മറ്റൊരു കമന്റും വീഡിയോക്ക് താഴെയുണ്ട്.

Content Highlight: Jayaram’s story goes viral in social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more