| Friday, 3rd October 2025, 4:19 pm

അന്യഭാഷയില്‍ പോയാല്‍ കോമാളി റോള്‍ മാത്രമേയുള്ളൂവെന്ന് പറഞ്ഞവര്‍ എന്ത്യേ, കാന്താരയില്‍ ഞെട്ടിച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് മലയാളസിനിമയില്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ട നടനായി തിളങ്ങിയ താരമായിരുന്നു ജയറാം. ഫാമിലി ഡ്രാമ സിനിമകളിലൂടെ വളരെ വേഗത്തില്‍ ജയറാം പ്രേക്ഷകപ്രീതി സ്വന്തമാക്കി. എന്നാല്‍ 2010ന് ശേഷം ബോക്‌സ് ഓഫീസില്‍ ഒന്നിന് പിന്നാലെ ഒന്നെന്ന തരത്തില്‍ ജയറാമിന്റെ സിനിമകള്‍ പരാജയപ്പെടുകയായിരുന്നു.

മാറുന്ന മലയാള സിനിമക്കനുസരിച്ച് നീങ്ങാനാകാതെ ജയറാം പിന്നീട് അന്യഭാഷാ സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. തമിഴിലും തെലുങ്കിലുമെല്ലാം ജയറാം നിറസാന്നിധ്യമായി. എന്നാല്‍ മലയാളത്തില്‍ നായകവേഷം വിട്ട് കളിക്കാത്ത ജയറാം അന്യഭാഷയില്‍ തീരെ പ്രാധാന്യമില്ലാത്ത വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

ഭാഗമതിയിലെ വില്ലന്‍ വേഷം, അല വൈകുണ്ഠപുരത്തിലെ സൈഡ് റോള്‍, രാധേ ശ്യാമില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത കോമഡി കഥാപാത്രം എന്നിങ്ങനെ അന്യഭാഷയില്‍ ഒരു ഇംപാക്ടുമില്ലാത്ത വേഷം എന്തിനാണെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചിരുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ പുത്തം പുതു കാലൈ എന്ന ആന്തോളജി സീരീസ് മാത്രമായിരുന്നു അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയത്.

ഒടുവില്‍ 2022ല്‍ മകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി ഒരു ശ്രമം നടത്തിയെങ്കിലും ഔട്ട് ഡേറ്റഡായ കഥയുള്ള ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. വീണ്ടും അന്യഭാഷയിലെ തിരക്കിലേക്ക് ജയറാം പോവുകയായിരുന്നു. മണിര്തനത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ വളരെ പ്രധാന്യമുള്ള വേഷം ചെയ്ത് വീണ്ടും ഞെട്ടിച്ചു. ആഴ്‌വാര്‍ക്കടിയാന്‍ നമ്പി എന്ന കഥാപാത്രം ജയറാമില്‍ ഭദ്രമായിരുന്നു.

2024ല്‍ ഓസ്‌ലറിലൂടെ മലയാളത്തില്‍ ഗംഭീര തിരിച്ചുവരവ് ജയറാം നടത്തി. ശരാശരി കഥയിലൊരുങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു നേടിയത്. ഇനി അന്യഭാഷയില്‍ പഴയതുപോലെ കോമാളി റോള്‍ ചെയ്യില്ലെന്ന് വിചാരിച്ച് നിന്നപ്പോഴായിരുന്നു ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ നസീര്‍ എന്ന കഥാപാത്രം ചെയ്ത് ജയറാം വീണ്ടും നിരാശപ്പെടുത്തിയത്. സൂര്യ നായകനായ റെട്രോയില്‍ താരതമ്യേന ചെറിയ കഥാപാത്രത്തെയാണ് ലഭിച്ചതെങ്കിലും പ്രകടനം കൊണ്ട് ഞെട്ടിക്കാന്‍ ജയറാമിന് സാധിച്ചു.

ഏറ്റവുമൊടുവില്‍ കന്നഡ ചിത്രം കാന്താര ചാപ്റ്റര്‍ വണ്ണില്‍ ജയറാമും ഉണ്ടെന്നറിഞ്ഞപ്പോള്‍ പലരും സ്ഥിരം കോമാളി വേഷമാകുമെന്ന് ആദ്യമേ വിധിയെഴുതി. എന്നാല്‍ പലരെയും ഞെട്ടിച്ചുകൊണ്ട് ഗംഭീര പ്രകടനമായിരുന്നു ജയറാം കാന്താരയില്‍ കാഴ്ചവെച്ചത്. രാജശേഖര എന്ന രാജാവിന്റെ വേഷം ജയറാമില്‍ ഭദ്രമായിരുന്നു. ആദ്യാവസാനം രാജാവിന്റെ പ്രൗഢി വിടാത്ത പ്രകടനമായിരുന്നു ജയറാമിന്റേത്.

ആദ്യപകുതിയില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ജയറാം ഞെട്ടിച്ചു. പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായി മാറിയ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്ത് ജയറാമും സ്‌കോര്‍ ചെയ്തു.

എന്നാല്‍ ജയറാം എന്ന നടന്‍ മുമ്പ് തമിഴില്‍ കാഴ്ചവെച്ച പെര്‍ഫോമന്‍സിന്റെ പകുതി പോലും ഇപ്പോള്‍ പുറത്തെടുത്തിട്ടില്ല എന്നതാണ് സത്യം. സാക്ഷാല്‍ കമല്‍ ഹാസനെപ്പോലും സൈഡാക്കി തെനാലി എന്ന സിനിമയെ ഒറ്റക്ക് കൊണ്ടുപോയതും പഞ്ചതന്ത്രത്തില്‍ കൊടുത്ത സ്‌ക്രീന്‍ ടൈമില്‍ പൂണ്ടുവിളയാടിയതുമെല്ലാം ആരും മറന്നിട്ടില്ല. പഴയതിനെക്കാള്‍ ശക്തിയോടെ താന്‍ തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണ് ജയറാം തന്നുകൊണ്ടിരിക്കുന്നത്.

Content Highlight: Jayaram’s performance in Kantara Chapter one movie

We use cookies to give you the best possible experience. Learn more