| Monday, 9th February 2026, 10:10 pm

നല്ല നടന്‍ ഇപ്പോഴും അച്ഛന്‍ തന്നെയാ; സിനിമയില്‍ കാളിദാസിന്റെ ഡയലോഗ് അന്വര്‍ത്ഥമാക്കുന്ന ജയറാമിന്റെ പ്രകടനം

അശ്വിന്‍ രാജേന്ദ്രന്‍

ഒരു വടക്കന്‍ സെല്‍ഫി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ജി. പ്രജിത്തിന്റെ പുതിയ ചിത്രമാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ആശകള്‍ ആയിരം. അഖില്‍ രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം മൂവീസ് ആണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ജയറാമും മകന്‍ കാളിദാസ് ജയറാമും 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തെ സവിശേഷമാക്കുന്നു.

Photo: riftfilms

സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെ കുടുംബത്തോടൊപ്പം ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന ഒരു ഫീല്‍ ഗുഡ് ചിത്രമായിരിക്കും ആശകള്‍ ആയിരമെന്ന് ജയറാം അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് സിനിമക്ക് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന ഒരോ പ്രതികരണവും. ഉദയനാണ് താരം, നടികര്‍ തിലകം, ബെസ്റ്റ് ആക്ടര്‍ തുടങ്ങിയ ചിത്രങ്ങള്‍ പോലെ സിനിമക്കുള്ളിലെ സിനിമ എന്ന ആശയത്തില്‍ പുറത്തുവന്ന മറ്റൊരു ചിത്രമാണ് ആശകള്‍ ആയിരം.

സിനിമയെ സ്വപ്‌നം കണ്ടു നടക്കുന്ന അച്ഛനും മകനും സ്വപ്‌നത്തിലേക്കെത്താനായി നേരിടേണ്ടി വരുന്ന തടസങ്ങളാണ് ചിത്രത്തില്‍ പശ്ചാത്തലമാക്കിയിരിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങള്‍ എപ്പോഴും അഭിനേതാക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കാറുള്ളത്. ക്യാമാറക്ക് മുമ്പില്‍ മറ്റൊരു ക്യാമറ വെച്ച് അഭിനയമാണെന്ന് അറിയിച്ച് അഭിനയിക്കേണ്ടി വരുന്ന രംഗങ്ങള്‍ ആശകള്‍ ആയിരത്തില്‍ പലതുമുണ്ട്.

ഇതില്‍ പ്രധാനപ്പെട്ടതാണ് ആദ്യ പകുതിയുടെ അവസാന ഭാഗത്തായി ഷറഫുദ്ദീന്‍ അവതരിപ്പിച്ച സൂപ്പര്‍ സ്റ്റാര്‍ സുമിത് കുമാറും ജയറാമിന്റെ മെഡിക്കല്‍ റെപ്രസെന്റേറ്റീവായ ഹരിഹരനും തകര്‍ത്തഭിനയിക്കുന്ന രംഗം. സിനിമാ സെറ്റില്‍ വെച്ച് സംവിധായകന്‍ ആവശ്യപ്പെട്ട ഭാവങ്ങള്‍ മുഖത്ത് വരുത്താന്‍ സൂപ്പര്‍ സ്റ്റാറായ സുമിത് കുമാറിന് മുപ്പതിലധികം ടേക്കുകള്‍ പോയിട്ടും സാധിക്കാത്തത് ഷൂട്ടിങ്ങ് കാണാനെത്തിയവരെ പോലെ തിയേറ്ററിലെ പ്രേക്ഷകരിലും ചിരി പടര്‍ത്തുന്നു.

Photo: screen grab/ sree gokulam movies/ youtube.com

എന്നാല്‍ ഷറഫുദ്ദീന് അഭിനയിക്കാനറിയാത്ത പോലെ മികച്ച രീതിയില്‍ അഭിനയിച്ചത്, എങ്ങനെയായിരിക്കും ആ ഭാവങ്ങള്‍ പ്രകടിപ്പിക്കുക എന്ന് പ്രേക്ഷകരില്‍ വലിയ ആകാംക്ഷ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹരിഹരനോട് അഭിനയിച്ച് കാണിച്ചിട്ട് പോയാല്‍ മതിയെന്ന് സുമിത് കുമാര്‍ വാശി പിടിക്കുമ്പോള്‍ ജയറാം എന്ന നടന്റെ വര്‍ഷങ്ങളുടെ പരിചയ സമ്പത്തിന്റെ പ്രതിഫലനത്തിനുള്ള അവസരമൊരുങ്ങുകയായിരുന്നു.

മുന്നില്‍ നിന്ന കുട്ടിയുടെ അടുത്ത് മുട്ട് കുത്തിയിരുന്ന് നിമിഷ നേരം കൊണ്ട് ഭാവങ്ങള്‍ പകര്‍ന്നാടിയ ജയറാം, ഇതാണെടാ അഭിനയം എന്ന പ്രസ്താവനയായിരുന്നു തന്റെ വിമര്‍ശകര്‍ക്ക് നല്‍കിയത്. സിനിമക്കുള്ളില്‍ ഷൂട്ടിങ്ങ് കാണാനെത്തിയവര്‍ക്കൊപ്പം തന്നെ തിയേറ്ററിലെ പ്രേക്ഷകരും താരത്തിന്റെ പ്രകടനത്തെ നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ കാളിദാസ് അവതരിപ്പിച്ച അജീഷ് ഹരിഹരന്‍ എന്ന കഥാപാത്രം ജയറാമിന്റെ കഥാപാത്രത്തോട് പറയുന്ന ‘നല്ല നടന്‍ ഇപ്പോഴും അച്ഛന്‍ തന്നെയാണ്’ എന്ന ഡയലോഗും ജയറാം എന്ന അനുഭവസമ്പത്തുള്ള അഭിനേതാവിനുള്ള അംഗീകാരമായി കണക്കാക്കാം. ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാളിദാസും ആശാ ശരത്തും തുടങ്ങി മറ്റെല്ലാ താരങ്ങളും കാഴ്ച്ചവെച്ചിരിക്കുന്നത്.

Content Highlight: Jayaram’s performance in Aashakal Aayiram movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more