| Wednesday, 11th February 2026, 9:00 pm

മലയാളികള്‍ പൊട്ടിച്ച് കൈയില്‍ കൊടുത്ത മോളിവുഡിന്റെ ധുരന്ധര്‍, വൈറലായി ജയറാമിന്റെ പഴയ ചിത്രം

അമര്‍നാഥ് എം.

മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായിക്കഴിഞ്ഞാല്‍ അതേ തീമില്‍ സ്വന്തം ഇന്‍ഡസ്ട്രിയില്‍ വന്ന സിനിമകളെ പൊക്കിക്കൊണ്ടുവരിക എന്ന പ്രവണത അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ഒന്നാണ്. തമിഴ് സിനിമാപേജുകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. എന്നാല്‍ മോളിവുഡും അക്കാര്യത്തില്‍ പിന്നിലല്ലെന്ന് തെളിയിക്കുന്ന ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്.

തിയേറ്ററിലും ഒ.ടി.ടിയിലും ഒരുപോലെ ഹിറ്റായി മാറിയ ധുരന്ധറാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പാകിസ്ഥാനിലെ അധോലോകത്തിലേക്ക് നുഴഞ്ഞകയറുന്ന ഇന്ത്യന്‍ ചാരന്റെ കഥയാണ് ധുരന്ധര്‍ പറയുന്നത്. ഏറെക്കുറെ ഇതേ തീമില്‍ മലയാളത്തില്‍ പണ്ടൊരു സിനിമ വന്നിട്ടുണ്ടെന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്.

ഇവര്‍ Photo: Saina Play: Facebook

ജയറാമിനെ നായകനാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ഇവര്‍ എന്ന ചിത്രത്തിന്റെ കഥയാണ് ധുരന്ധറിന്റേതെന്നാണ് പോസ്റ്റില്‍ പറയുന്നത്. ജയറാമിനെ സോഷ്യല്‍ മീഡിയയില്‍ വിളിക്കുന്ന മേട്ടന്‍ എന്ന പദപ്രയോഗമാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. മേട്ടന്റെ ധുരന്ധര്‍ എന്നാണ് ഇവര്‍ എന്ന ചിത്രത്തെ വിശേഷിപ്പിച്ചത്.

റഹ്‌മാന്‍ ദാക്കൈത് എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ബിജു മേനോന്റെ പാമ്പ് ജോസ് എന്ന കഥാപാത്രമെന്നും പോസ്റ്റില്‍ പറയുന്നു. ധുരന്ധറിനും പോക്കിരിക്കും പ്രചോദനമായ ചിത്രം മലയാളത്തില്‍ ദുരന്തം ആര്‍ ആയിപ്പോയെന്നും പോസ്റ്റില്‍ തമാശരൂപേണ പറയുന്നുണ്ട്. ബിയോണ്ട് ഹ്യൂമന്‍ സൊസൈറ്റി എന്ന പ്രൈവറ്റ് ഗ്രൂപ്പിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കൊച്ചിയിലെ ഗുണ്ടാ ഗ്യാങ്ങിനെ ഇല്ലാതാക്കാന്‍ അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന അണ്ടര്‍കവര്‍ പൊലീസ് ഓഫീസറുടെ കഥയാണ് ഇവര്‍ പറയുന്നത്. രാഘവ് മേനോന്‍ ഐ.പി.എസ് എന്ന കഥാപാത്രമായാണ് ജയറാം ഈ ചിത്രത്തില്‍ വേഷമിട്ടത്. ചിത്രത്തിലെ ചില രംഗങ്ങള്‍ അടുത്തിടെ ട്രോള്‍ പേജുകളില്‍ വൈറലായിരുന്നു. ധുരന്ധറിന് ശേഷം ചിത്രം ഒരിക്കല്‍ കൂടി ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

എന്നാല്‍ ധുരന്ധറിനും മുമ്പ് അതിനെക്കാള്‍ മികച്ച സ്‌പൈ സിനിമ തങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് തമിഴ് സിനിമാപേജുകള്‍ അവകാശപ്പെട്ടതും വൈറലായിരുന്നു. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രമായെത്തിയ വിശ്വരൂപം ധുരന്ധറിനെക്കാള്‍ മികച്ച സ്‌പൈ ചിത്രമാണെന്ന് തമിഴ് പേജുകള്‍ അവകാശപ്പെടുന്നുണ്ട്.

Content Highlight: Jayaram’s Ivar movie viral after Dhurandhar OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more