| Wednesday, 27th May 2026, 7:58 pm

പരസ്യത്തില്‍ എന്റെ നാട് കേരളം, പ്രൊമോഷന്റെ സമയത്ത് മാതൃഭാഷ തമിഴും... ജയറാമിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

പദ്മരാജന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ജയറാം. മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ജയറാം വളരെവേഗത്തില്‍ ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. ആക്ഷന്‍ സിനിമകളിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളായി മാറിയപ്പോള്‍ ഫീല്‍ ഗുഡ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ജയറാമിന് സാധിച്ചു.

എന്നാല്‍ 2010ന് ശേഷം തുടര്‍പരാജയങ്ങള്‍ നേരിട്ട താരം പിന്നീട് അന്യഭാഷയില്‍ സജീവമായി. മലയാളത്തില്‍ നായകവേഷം മാത്രം ചെയ്യുന്ന ജയറാം അന്യഭാഷയില്‍ വലിയ പ്രാധാന്യമില്ലാത്ത ചെറിയ വേഷങ്ങളാണ് ഇക്കാലയളവില്‍ ചെയ്തത്. ഓസ്‌ലറിന്റെ വന്‍ വിജയത്തോടെ മലയാളി പ്രേക്ഷകര്‍ തന്നെ കൈവിട്ടിട്ടില്ലെന്ന് താരം തെളിയിച്ചു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജയറാമിനെ വിമര്‍ശിച്ചുകൊണ്ട് ഒരുകൂട്ടമാളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ജയറാം Photo: Screen grab/ Behindwoods

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പരിമള ആന്‍ഡ് കോയുടെ പ്രൊമോഷനിടെ ജയറാം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയായത്. തന്റെ അമ്മ തമിഴ്‌നാട്ടുകാരിയാണെന്നും അതിനാല്‍ മാതൃഭാഷ തമിഴാണെന്നുമായിരുന്നു ജയറാം പറഞ്ഞത്. ഇത് വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. തമിഴ് സിനിമയുടെ പ്രൊമോഷനായതിനാലാണ് തമിഴിനെ പൊക്കിപ്പറഞ്ഞതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മുമ്പ് ജയറാം ചെയ്ത രാംരാജ് മുണ്ടിന്റെ പരസ്യവും ഇതിനൊപ്പം ചര്‍ച്ചയാകുന്നുണ്ട്. തന്റെ നാട് കേരളമാണെന്നും ഈ നാട്ടില്‍ ജനിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നുമാണ് പരസ്യത്തില്‍ ജയറാം പറയുന്നത്. പരസ്യത്തിന്റെ കാര്യം വരുമ്പോള്‍ മലയാളിയും പ്രൊമോഷന്റെ സമയത്ത് തമിഴനുമായി മാറുന്ന പ്രത്യേക പ്രതിഭാസമാണ് ജയറാമിന്റേതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ ജയറാമിനെ അനുകൂലിച്ചും ചില കമന്റുകളുണ്ട്. താരത്തിന്റേത് ഇരട്ടത്താപ്പല്ലെന്നും രണ്ട് നാടിനെയും സ്‌നേഹിക്കുന്നയാളാണ് ജയറാമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. തമിഴ്‌നാട്ടില്‍ ജനിച്ചവര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ പാടില്ലേയെന്നാണ് പ്രധാന ചോദ്യം. തമിഴ്‌നാട്ടില്‍ വേരുകളുള്ള ഒരുപാട് ആളുകള്‍ കേരളത്തില്‍ ജീവിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരാളാണ് ജയറാമെന്നും കമന്റുകളുണ്ട്. ഭാഷയുടെ പേരിലുള്ള ഇത്തരം പരിഹാസങ്ങളും കുറ്റപ്പെടുത്തലും ആവശ്യമില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ഏറെക്കാലത്തിന് ശേഷം ജയറാം- ഉര്‍വശി കോമ്പോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് പരിമള ആന്‍ഡ് കോ. തലൈവന്‍ തലൈവിക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷനെല്ലാം ഗംഭീരമായിരുന്നു. മിഷ്‌കിന്‍, യോഗി ബാബു, സിങ്കം പുലി, സാന്‍ഡി, സഞ്ജന നടരാജന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മെയ് 28ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം പിന്നീട് ജൂണ്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Jayaram’s comment about Tamil language getting trolls

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more