മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് ജയറാം. പദ്മരാജന്‍ സിനിമാലോകത്തിന് സമ്മാനിച്ച ജയറാം വളരെ ചെറിയ സമയത്തിനുള്ളില്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. 2010ന് ശേഷം എടുത്തപറയാന്‍ വലിയ ഹിറ്റില്ലാതിരുന്ന ജയറാം പിന്നീട് മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ഓസ്‌ലറിലൂടെ തിരിച്ചുവന്ന ജയറാമിന്റെ അടുത്ത ചിത്രമായ ആശകള്‍ ആയിരം റിലീസിന് തയാറെടുക്കുകയാണ്.
‘ക’ അക്ഷരോത്സവത്തില്‍ ജയറാമും കാളിദാസും Photo: Screen grab/ Mathrubhumi
ഓസ്‌ലറിന് ശേഷം രണ്ടുവര്‍ഷത്തോളം താരം മലയാളത്തില്‍ നിന്ന് ഗ്യാപ്പെടുത്തിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ അന്യഭാഷയിലെ ചില സിനിമകളില്‍ താരം സഹനടനായി പ്രത്യക്ഷപ്പെട്ടു. മലയാളത്തില്‍ അത്ര സജീവമാകാത്തതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. 2019ന് ശേഷം താന്‍ ആകെ രണ്ട് മലയാളസിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി സംഘടിപ്പിച്ച ‘ക’ അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍, മിഥുന്‍ മാനുവല്‍ തോമസിന്റെ അബ്രഹാം ഓസ്‌ലര്‍. ഈ രണ്ട് സിനിമകളാണ് കഴിഞ്ഞ അഞ്ചാറുവര്‍ഷത്തിനിടയില്‍ ഞാന്‍ ചെയ്തത്. എന്തുകൊണ്ട് അന്യഭാഷയില്‍ പോയി സൈഡ് റോളുകള്‍ ചെയ്യുന്നു എന്ന് ഒരുപാട് പേര്‍ എന്നോട് നേരിട്ടും അല്ലാതെയുമൊക്കെ ചോദിക്കാറുണ്ട്,’ ജയറാം പറയുന്നു.
കാളിദാസ് ജയറാം Photo: Reddit
നല്ല പൈസ കിട്ടുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കൂടെയിരുന്ന കാളിദാസ് തമാശരൂപത്തില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയൊന്നും അല്ലെന്ന് പറഞ്ഞ് ജയറാം അപ്പോള്‍ തന്നെ കാളിദാസിനെ തിരുത്തുന്നുമുണ്ട്. താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കഥകളൊന്നും മലയാളത്തില്‍ തന്നെത്തേടി വരാറില്ലായിരുന്നെന്നാണ് ജയറാം പറയുന്നത്.
‘പ്രേക്ഷകര്‍ ജയറാമിന്റെ സിനിമ എന്ന് പറയുമ്പോള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളൊന്നും വരാത്തതുകൊണ്ടാകാം മലയാളത്തില്‍ അധികം സിനിമകള്‍ ചെയ്യാനാകാത്തത്. എന്നെ സംബന്ധിച്ചിടത്തോളം ചെറിയൊരു ഇടവേളക്ക് ശേഷം എന്നെ തേടിയെത്തിയ കഥകളില്‍ ഇത് ചെയ്താല്‍ കൊള്ളാം, ഇത് ചെയ്താല്‍ ആളുകള്‍ക്ക് ഇഷ്ടമാകുമെന്നും ജയറാം നിരാശപ്പെടുത്തിയിട്ടില്ലെന്നും തോന്നിയ കഥയാണ് ആശകള്‍ ആയിരം,’ ജയറാം പറയുന്നു.
ജയറാം Photo: Screen grab/ Galatta Plus
അക്കാരണം കൊണ്ടാണ് ജൂഡ് തന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ താന്‍ ഓക്കെ പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം, ആശ ശരത്, ഇഷാനി കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫെബ്രുവരി ആറിന് ആശകള്‍ ആയിരം തിയേറ്ററുകളിലെത്തും.
Content Highlight: Jayaram clarifying why he is doing more movies in Other languages