| Monday, 27th July 2026, 4:44 pm

കമല്‍ ഹാസന് ശേഷം ഏറ്റവും നന്നായി ഡാന്‍സ് കളിക്കുന്ന നടന്‍, പക്ഷേ, അയാള്‍ അത് മുന്നോട്ട് കൊണ്ടുപോയില്ല: ജയരാജ്

അമര്‍നാഥ് എം.

മലയാളസിനിമയിലെ ഏറ്റവും വേഴ്‌സറ്റൈലായ സംവിധായകനെന്ന് സിനിമാപ്രേമികള്‍ വിശേഷിപ്പിക്കുന്നയാളാണ് ജയരാജ്. ഭരതന്റെ സംവിധാനസഹായിയായി കരിയറാരംഭിച്ച ജയരാജ് ഒരുപിടി ക്ലാസിക്കുകള്‍ മലയാളത്തിന് സമ്മാനിച്ചു. റൊമാന്‍സ്, കോമഡി, ആക്ഷന്‍, ഫീല്‍ഗുഡ് തുടങ്ങി കൈവെക്കാത്ത ഴോണറുകള്‍ കുറവാണ്.

കരിയറില്‍ 50നടുത്ത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇന്നും പലരും ഓര്‍ത്തിരിക്കുന്ന ചിത്രം 4 ദി പീപ്പിളാണ്. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം അക്കാലത്തെ സെന്‍സേഷനായി മാറി. ഇന്നും ഈ സിനിമക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. റീ റിലീസ് ചെയ്യണമെന്ന് പലരും ആഗ്രഹിക്കുന്ന ചിത്രം കൂടിയാണ് 4 ദി പീപ്പിള്‍.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജയരാജ്. സക്രിപ്റ്റ് പൂര്‍ത്തിയാക്കി കാസ്റ്റിങ്ങിലേക്ക് എത്തിയപ്പോള്‍ ഏറ്റവും പ്രയാസപ്പെട്ടത് വിവേക് എന്ന കഥാപാത്രത്തിന്റെ കാര്യത്തിലായിരുന്നെന്ന് ജയരാജ് പറയുന്നു. നാല്‍വര്‍ സംഘത്തില്‍ ഡാന്‍സും പാട്ടുമായി നടക്കുന്നയാളാണ് വിവേകെന്നും ആ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന് ഒരുപാട് ചിന്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ജയരാജ് ഇക്കാര്യം പറഞ്ഞത്.

‘ആ സമയത്താണ് തമിഴില്‍ ബോയ്‌സ് എന്ന സിനിമ ഹിറ്റായത്. ആ പടത്തില്‍ ഭരതിന്റെ ക്യാരക്ടര്‍ എനിക്ക് ഇഷ്ടപ്പെട്ടു. എല്ലാവരും ഡാന്‍സ് ചെയ്യുന്നുണ്ടെങ്കിലും ഭരതിന്റെ ഡാന്‍സില്‍ കുറച്ചധികം ഗ്രേസും എനര്‍ജിയും കണ്ടു. അങ്ങനെയാണ് ഭരത് 4 ദി പീപ്പിളിന്റെ ഭാഗമായത്. ഈ സിനിമയില്‍ ഏറ്റവും ഹിറ്റായ ലജ്ജാവതി എന്ന പാട്ടിന് ഭരത് നല്ലവണ്ണം എഫര്‍ട്ടിട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ടാണ് ലജ്ജാവതി ഷൂട്ട് ചെയ്തത്.

സത്യം പറഞ്ഞാല്‍ കമല്‍ ഹാസന് ശേഷം ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്ന നടനായി ഭരതിനെ തോന്നിയിട്ടുണ്ട്. അയാള്‍ അത്രമാത്രം ഗംഭീരമായി ഡാന്‍സ് ചെയ്യും. ഡാന്‍സും കൂടി മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞാന്‍ അയാളെ ഉപദേശിച്ചു. പക്ഷേ, അയാള്‍ ആ സമയത്ത് തന്നെ മറ്റ് ഴോണറുകള്‍ ട്രൈ ചെയ്യാന്‍ പോവുകയായിരുന്നു,’ ജയരാജ് പറയുന്നു.

ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 4 ദി പീപ്പിള്‍. അരുണ്‍ ചെറുകാവില്‍, ഭരത്, പദ്മകുമാര്‍, അര്‍ജുന്‍ ബോസ്, നരെയ്ന്‍, ഗോപിക തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. അടുത്തിടെ ചിത്രം റീ റിലീസ് ചെയ്യുന്നുണ്ടെന്ന് അറിയിച്ചെങ്കിലും കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടില്ല.

Content Highlight: Jayaraj about the Dancing ability of Actor Bharath

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more