| Tuesday, 11th March 2025, 3:01 pm

മഹേഷിന്റെ പ്രതികാരത്തിലെ ആ സീനിന് ഒരുപാട് ടേക്ക് പോയിരുന്നു: ജയശങ്കര്‍ കാരിമുട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ വേഷപകര്‍ച്ചകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ജയശങ്കര്‍ കാരിമുട്ടം. ചെയ്യുന്ന കഥാപാത്രങ്ങളുടെ സക്രീന്‍ ടൈം എത്ര കുറവാണെങ്കിലും സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തിലും തെരഞ്ഞെടുക്കുന്ന കഥാപാത്രത്തിന്റെ വൈവിധ്യത്തിന്റെ കാര്യത്തിലും ഒട്ടും വിട്ടുവീഴ്ച്ചയില്ലാത്ത നടനാണ് അദ്ദേഹം.

ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും സിനിമകളിലൂടെയാണ് ജയശങ്കറിലെ നടന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. ആമേനിലെ പാപ്പി, പ്രേമത്തിലെ പ്യൂണ്‍, മഹേഷിന്റെ പ്രതികാരത്തിലെ സൈക്കിളുകാരന്‍ ഇടിച്ചിടുന്ന കഥാപാത്രം എന്നിങ്ങനെ ഒരിക്കലും മറക്കാനാവാത്ത റോളുകള്‍ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ കഥാഗതി തന്നെ തിരിച്ചുവിട്ട ആ സൈക്കിള്‍ സീനിനെ കുറിച്ചും അതിലെ തന്റെ കഥാപാത്രത്തെകുറിച്ചും സംസാരിക്കുകയാണിപ്പോള്‍ അദ്ദേഹം. സൈക്കിള്‍ ഇടിച്ചിടുന്ന സീന്‍ ഏകദേശം ഒറ്റ ടേക്ക് തന്നെയായിരുന്നുവെന്നും, എന്നാല്‍ ആ സീനിന് വേണ്ടിമാത്രം ഒരുപാട് ടേക്ക് പോകേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ആ സീനിലെ വീഴ്ച്ചയില്‍ തനിക്ക് പരിക്ക് പറ്റിയിരുന്നുവെന്നും പീന്നീട് താന്‍ വിശ്രമിച്ചതിന് ശേഷമാണ് മറ്റ് സീനുകള്‍ ചെയ്തതെന്നും ജയശങ്കര്‍ പറയുന്നു. സ്‌പോട്ട് ലൈറ്റ് അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജയശങ്കര്‍ കാരിമുട്ടം.

‘മഹേഷിന്റെ പ്രതികാരത്തിലെ ആ സീന്‍ ഓള്‍മോസ്റ്റ് ഒറ്റ ടേക്ക് തന്നെയായിരുന്നു. പക്ഷേ സൈക്കിള്‍ ഇടിച്ചിടുന്ന സീനിന് വേണ്ടി മാത്രം ഒരുപാട് ടേക്ക് പോയിരുന്നു. സൈക്കിള്‍ ഇടിക്കുന്ന സീന്‍ മാത്രം കുറെ പ്രാവിശ്യം എടുത്തു. സംവിധായകന്‍ ഓക്കെ പറഞ്ഞ സീനിലെ ഇടി ഗംഭീര ഇടിയായിരുന്നു. അതിന്റെ പാട് വീട്ടില്‍ ചെല്ലുന്നത് വരെ ഉണ്ടായിരുന്നു. വീണു കഴിഞ്ഞ് മുട്ടൊക്കെ പൊട്ടിയിരുന്നു അത് കഴിഞ്ഞ് റസ്റ്റൊക്കെ എടുത്തതിന് ശേഷമാണ് മറ്റ് ഷോട്ടുകള്‍ എടുത്തത്,’ അദ്ദേഹം പറഞ്ഞു.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി 2016 ല്‍ സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. മലയാളത്തിലെ മികച്ച ഒറിജിനല്‍ തിരക്കഥ, മികച്ച ഫീച്ചര്‍ ഫിലിം എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രം കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ല്‍ തമിഴിലും 2020ല്‍ തെലുങ്കിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

CONTENT HIGHLIGHTS: Jaya Shankar Karimuttam talks about his role in Maheshinte Pratikaram

We use cookies to give you the best possible experience. Learn more