2025 ല്‍ തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ അഞ്ച് ചിത്രങ്ങളിലെ പൊതുവായ ഘടകമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ അഞ്ച് ഹിറ്റുകളുടെ ഭാഗമായി മലയാള സിനിമയുടെ ഭാഗ്യദേവതയായി മാറിയിരിക്കുകയാണ് ജയ കുറുപ്പ്.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, പൊന്മാന്‍, ഹൃദയപൂര്‍വ്വം, ഡീയസ് ഈറെ, സര്‍വ്വം മായ തുടങ്ങി അഞ്ച് ചിത്രങ്ങളിലാണ് ജയ കുറുപ്പ് വേഷമിട്ട് വെന്നിക്കൊടി പാറിച്ചത്. 30 വര്‍ഷത്തോളം നാടകത്തില്‍ അഭിനയിച്ച് തഴക്കം നേടിയ ജയ കുറുപ്പ് ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടില്‍ ലഭിച്ച ചെറിയ വേഷത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ജയ കുറുപ്പ് സിനിമയില്‍. Photo: The Hindu
തുടര്‍ന്ന് ചെറുതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങള്‍ ചെയ്ത നടി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്്ത് പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെയിലൂടെയാണ് തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. സിനിമയുടെ തുടക്കത്തില്‍ പാവപ്പെട്ട അമ്മയായി അഭിനയിച്ച താരം ക്ലൈമാക്‌സ് സീനില്‍ കണ്ടു കൊണ്ടിരുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് തന്റെ ഉള്ളിലെ അഭിനേതാവിനെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്.
നാടക നടനായ ഭര്‍ത്താവിനൊപ്പം ജെല്ലിക്കെട്ടിന്റെ ഓഡിഷനു പോയ ജയയെ കണ്ട് സംവിധായകനായ ടിനു പാപ്പച്ചന്‍ ഇടപ്പെട്ടാണ് സിനിമയിലേക്ക് വിളിച്ചതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. പൊന്മാനിലെ ലൂസിയമ്മയായും ഡീയസ് ഈറെയിലെ എല്‍സമ്മയായും മലയാളത്തിലെ ക്ലീഷേ അമ്മ കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു ജയ കുറുപ്പിന്റെ പ്രകടനങ്ങള്‍.
പതിവായി അമ്മ വേഷമാണ് ചെയ്യുന്നതെങ്കിലും ആ കഥാപാത്രത്തിന്റെ ചരിത്രം സ്വയം രചിക്കാന്‍ താന്‍ സ്വയം ശ്രമിക്കാറുണ്ടെന്നും അവര്‍ വരുന്ന സാഹചര്യവും ചുറ്റുപാടും സ്വഭാവവും എല്ലാം പഠിച്ചാണ് താന്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാറുള്ളതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു. ഓരോ ചിത്രത്തിലും അമ്മ വേഷം ചെയ്യുമ്പോള്‍ വ്യത്യസ്ത കൊണ്ടുവരാന്‍ ജയ കുറുപ്പിനെ സഹായിക്കുന്നതും ഈ മുന്നൊരുക്കം തന്നെ.
ജയ കുറുപ്പ്. Photo: IMDB
കട്ടപ്പന ‘ദര്‍ശന’ അരങ്ങിലെത്തിച്ച ഒഴിവു ദിവസത്തെ കളി എന്ന നാടകത്തിലൂടെ അഭിനയ ജീവിതത്തില്‍ ശ്രദ്ധേയായ നടി മികച്ച വേഷങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ടു തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത് മുന്നേറുകയാണ്.
Content Highlight: Jaya Kurup has been part of 5 hit films in 2025