മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ് രാഹുല്‍ സദാശിവന് ഒരുക്കിയ ഡീയസ് ഈറെ. പ്രണവ് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഇതിനോടകം 50 കോടിക്ക് മുകളില്‍ സ്വന്തമാക്കി.
സിനിമയില്‍ അമ്മ വേഷത്തിലെത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ജയാ കുറിപ്പായിരുന്നു. പ്രണവിന്റെ പെര്‍ഫോമന്‍സിനൊപ്പം ജയയുടെയും പെര്‍ഫോമന്‍സിനെ കുറിച്ചും പ്രേക്ഷകര്‍ക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡീയസ് ഈറെയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടി.
ഡയറക്ടര്‍ ടീമിലെ ഒരംഗമാണ് തന്നെ സിനിമയ്ക്കായി വിളിച്ചതെന്നും ഭ്രമയുഗം ടീമിന്റെ അടുത്ത സിനിമയില്‍ ഒരു റോളുണ്ട് എന്നറിയിച്ചുവെന്നും ജയാ പറയുന്നു. നേരിട്ടെത്തിയപ്പോള്‍ രാഹുല്‍ സദാശിവനാണ് സംവിധായകന്‍ എന്നറിഞ്ഞുവെന്നും അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞുവെന്നും ജയ കൂട്ടീച്ചേര്‍ത്തു.
‘രാത്രിയിലായിരുന്നു അധികം ദിവസവും ഷൂട്ടിങ്. വൈകിട്ട് 3 മുതല്‍ പുലര്‍ച്ചെ 5 വരെ തുടര്‍ച്ചയായ 5 ദിവസങ്ങളില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. ഉറങ്ങിപ്പോകുമോ എന്ന് പേടിച്ച് ഷൂട്ടിങ്ങിനിടെ ഇരിക്കാറില്ലായിരുന്നു. എപ്പോഴും നില്‍ക്കും. ഷൂട്ടിങ്ങിനായി എത്തിയ ആദ്യ ദിവസമാണ് പ്രണവിനെ കാണുന്നത്.
വലിയ ഒരു നടന്റെ മകനോട് എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തതിനാല്‍ മിണ്ടിയില്ല. പ്രണവ് ചിരിച്ചു കാണിച്ചെങ്കിലും തിരികെ ചിരിക്കാന്‍ പോലും സാധിച്ചില്ല. കുറച്ചു കഴിഞ്ഞ് പ്രണവ് അടുത്ത് വന്നു. ചേച്ചി, നമ്മള്‍ പരിചയപ്പെട്ടില്ലല്ലോ എന്ന് പറഞ്ഞു സംസാരിച്ചു,’ ജയാ കുറിപ്പ് പറയുന്നു.
നാടവേദികളില്‍ നിന്നാണ് ജയാ കുറിപ്പ് വെള്ളിത്തിരയിലേക്ക് ചേക്കേറിയത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്താണ് അവര്‍ തന്റെ കരിയര്‍ തുടങ്ങിയത്.
Content highlight: Jaya kurup about Dies irae movie and pranav mohanlal