| Wednesday, 12th August 2026, 7:40 pm

സ്‌ക്രാച്ചുള്ള സാംസങ് ഫോണാണ് ഞാന്‍ ഉപയോഗിച്ചത്, വാമിക അതുകണ്ടിട്ട് എനിക്ക് ഐഫോണ്‍ 17 വാങ്ങിത്തന്നു, ഒട്ടും പ്രതീക്ഷിച്ചില്ല: ജവഹര്‍ ശക്തി

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ അടുത്ത ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ് തമിഴ് ചിത്രം ഡി.സി. ക്യാമറക്ക് പിന്നില്‍ മാത്രം പ്രേക്ഷകര്‍ കണ്ടുശീലിച്ച ലോകേഷ് കനകരാജ് ആദ്യമായി നായകനായെത്തിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറി. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 50 കോടിയിലേറെ കളക്ട് ചെയ്തുകഴിഞ്ഞു.

സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കേട്ട് അവര്‍ക്ക് വേണ്ടി ഇടപെടുന്ന ദാസിന്റെയും ഗ്യാങ്ങിന്റെയും കഥയാണ് ചിത്രത്തിന്റേത്. ലോകേഷാണ് ദാസായി വേഷമിടുന്നത്. ദാസിനൊപ്പം പ്രേക്ഷകരുടെ മനം കവര്‍ന്ന കഥാപാത്രങ്ങളിലൊന്നായിരുന്നു കറുപ്പ്. ദാസിന്റെ ഗ്യാങ്ങിലുള്ള കറുപ്പായി വേഷമിട്ടത് ജവഹര്‍ ശക്തിയാണ്. ചിത്രം കണ്ടിറങ്ങിയാലും കറുപ്പ് എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിക്കും.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജവഹര്‍ ശക്തി. ആദ്യമായാണ് മുഴുനീള വേഷം ലഭിക്കുന്നതെന്നും സെറ്റില്‍ എല്ലാവരും തന്നോട് നല്ല പെരുമാറ്റമായിരുന്നെന്നും ജവഹര്‍ ശക്തി പറഞ്ഞു. വാമിക ഗബ്ബിയുടെ പെരുമാറ്റം തന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു. സിനിമാ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ജവഹര്‍ ശക്തി.

‘വാമിക തങ്കം സാര്‍… അവരുടെ പെരുമാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എന്നെപ്പോലെ സൈഡ് റോള്‍ ചെയ്യുന്ന ആര്‍ട്ടിസ്റ്റുകളെ ഒരിക്കലും ഹീറോയിനൊന്നും മൈന്‍ഡ് ചെയ്യാറില്ല. അടുത്ത് ചെന്ന് ഹായ് എന്ന് പറഞ്ഞാല്‍ പോലും കാണാത്തതുപോലെ തിരിഞ്ഞ് നടക്കും. അതുകൊണ്ട് വാമിക അടുത്ത് വരുമ്പോഴും മിണ്ടാന്‍ പേടിയായിരുന്നു. പക്ഷേ, അവര്‍ ഇങ്ങോട്ട് വന്ന് മിണ്ടി.

ബ്രേക്കിന്റെ സമയത്തൊക്കെ എന്നോടായിരുന്നു കൂടുതല്‍ സംസാരിച്ചിരുന്നത്. അതില്‍ എന്നെ ഏറ്റവും ഞെട്ടിച്ച വേറൊരു കാര്യമുണ്ട്. ഷൂട്ടിന്റെ ലാസ്റ്റ് ദിവസം പോകാന്‍ നേരത്ത് എനിക്ക് ഒരു ഫോണ്‍ ഗിഫ്റ്റ് തന്നു. നോക്കുമ്പോള്‍ ഒന്നരലക്ഷത്തിന്റെ ഐഫോണ്‍ 17. അതിന് മുമ്പ് ഞാന്‍ യൂസ് ചെയ്തിരുന്നത് സാംസങ്ങിന്റെ ഒരു ഫോണായിരുന്നു. അതില്‍ സ്‌ക്രാച്ചൊക്കെ വന്നത് കണ്ടിട്ട് വാമിക എനിക്ക് വാങ്ങിത്തന്നതാണ്. ഒട്ടും പ്രതീക്ഷിച്ചില്ല,’ ജവഹര്‍ ശക്തി പറയുന്നു.

ജവഹര്‍ ശക്തിയുടെ അഭിമുഖം വൈറലായതിന് പിന്നാലെ പലരും വാമികയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളോട് കാണിക്കുന്ന കരുതല്‍ ഓഫ് സ്‌ക്രീനിലും വാമികയെ മികച്ചതാക്കുന്നു എന്നാണ് പലരും പറയുന്നത്. സിനിമയിലെപ്പോലെ ജീവിതത്തിലും വാമിക കൈയടി നേടുകയാണെന്നാണ് പോസ്റ്റുകള്‍.

Content Highlight: Jawahar Sakthi about the gift he got from Wamiqa Gabbi

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more