| Tuesday, 4th August 2026, 1:15 pm

അവനെ പോലൊരാൾ ഫുട്ബോളിൽ ഒരിക്കലും ഉണ്ടാവില്ല: മഷെറാനോ

സുദേവ് എ

ഫുട്ബോള്‍ ലോകത്തെ ഇതിഹാസതാരങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം എന്ന ആരാധകരുടെ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.

ഇരുവരിലും ആരാണ് മികച്ച താരമാരാണെന്ന് പല ഇതിഹാസ താരങ്ങളും പരിശീലകരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന്റെ സംവാദത്തില്‍ മുന്‍ അര്‍ജന്റൈന്‍ താരം ഹാവിയര്‍ മഷെറാനോയും തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. റൊണാള്‍ഡോക്ക് പകരം മെസിയെയാണ് മഷെറാനോ മികച്ച താരമായി കണക്കാക്കിയത്.

’20 വര്‍ഷമായി കളിക്കളത്തിലെ ഒന്നാമന്‍ മെസിയാണെന്നാണ് മഷെറാനോ പറഞ്ഞത്. ഒരു സ്ട്രൈക്കറായും മിഡ്ഫീല്‍ഡറായും മെസിക്ക് കളിക്കാനാവുമെന്നും മുന്‍ അര്‍ജന്റൈന്‍ താരം വ്യക്തമാക്കി. മെസിയെ പോലൊരു താരം ഫുട്‌ബോളില്‍ ഒരിക്കലും ഉണ്ടാവില്ലെന്നും മഷെറാനോ പ്രശംസിച്ചു. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഷെറാനോ ഇക്കാര്യം പറഞ്ഞത്.

‘മെസിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമെന്ന് ഞാന്‍ കരുതുന്നു. ഒരിക്കലും അദ്ദേഹത്തെപ്പോലെ ഒരു താരം ഉണ്ടാകില്ല. അത് അസാധ്യമാണ്. 20 വര്‍ഷമായി കളിക്കളത്തില്‍ ഒന്നാമനാണ് മെസി. ഒരു സ്ട്രൈക്കറായും മിഡ്ഫീല്‍ഡറായും അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കും. നിങ്ങള്‍ മെസിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അദ്ദേഹം മികച്ച പ്രതിരോധക്കാരനാകും, ആ കാര്യത്തില്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും. കാരണം ഞാന്‍ അത് കണ്ടിട്ടുണ്ട്,’ മഷെറാനോ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

2026 ഫിഫ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടുകയെന്ന മെസിയുടെയും അര്‍ജന്റീനയും സ്വപ്നം ഫൈനലില്‍ അവസാനിച്ചിരുന്നു. കലാശപോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതാണ് അര്‍ജന്റീനക്ക് കിരീടം നഷ്ടമായത്.

എങ്കിലും ലോകകപ്പില്‍ മിന്നും പ്രകടനമായിരുന്നു അര്‍ജന്റീനക്കായി മെസി നടത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

2026 ലോകകപ്പ് നഷ്ടമായെങ്കിലും അര്‍ജന്റീന സമീപകാലങ്ങളില്‍ ഒരുപിടി കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

Content Highlight: Javier Mascherano talks about Lionel Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more