ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെ വിമര്‍ശിച്ച് എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ദല്‍ഹിയില്‍ നടന്ന എഫ്.ഐ.സി.സി.എ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെയും ജാവേദ് അക്തര്‍ വിമര്‍ശിച്ചു. അത് ചെയ്യുന്നവര്‍ പാകിസ്ഥാന്റെ പ്രൊപ്പഗണ്ടയില്‍ പങ്കാളിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമിലെ ഭീകരാക്രമണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെയുള്ള ചില തിരിച്ചടികള്‍ക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രകാരം നിരവധി കച്ചവടക്കാര്‍ പട്ടണം വിട്ട് പലായനം ചെയ്യാന്‍ കാരണമായെന്നും ജാവേദ് അക്തര്‍ പറയുന്നു. എന്നാല്‍ 99 ശതമാനം കശ്മീരികളും ഇന്ത്യയോട് വിശ്വസ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്സൂറി പോലുള്ള സ്ഥലങ്ങളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കശ്മീരികള്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും അത് ചെയ്യുന്നവര്‍ പാകിസ്ഥാന്റെ പ്രൊപ്പഗണ്ടയെ സാധൂകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ജാവേദ് അക്തര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു മസ്സൂറിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി രണ്ട് കശ്മീരി ഷാള്‍ വില്‍പ്പനക്കാരെ പ്രാദേശിക യുവാക്കള്‍ ചേര്‍ന്ന് ആക്രമിക്കുന്ന വീഡിയോ പുറത്ത് വന്നത്. ആധാര്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും കച്ചവടക്കാരെ മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായിട്ടാണ് വീഡിയോയില്‍ കാണിച്ചത്.
ഏപ്രില്‍ 22നായിരുന്നു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ പലയിടത്തും പ്രതികാരമെന്നോണം കശ്മീരികള്‍ ആക്രമിക്കപ്പെടുകയായിരുന്നു.
Content Highlight: Javed Akhtar Says Those Harassing Kashmiris After Pahalgam Terror Attack Are Participating In Pakistan’s Propaganda