| Saturday, 13th September 2025, 9:38 am

പിന്നീട് ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെച്ച പാട്ടായിരുന്നു ലജ്ജാവതിയേ, ഫോര്‍ ദി പീപ്പിളില്‍ ഹിറ്റാകുമെന്ന് വിചാരിച്ചത് മറ്റൊരു പാട്ട്: ജാസി ഗിഫ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 2004ല്‍ പുറത്തിറങ്ങിയ ഫോര്‍ ദി പീപ്പിള്‍. പുതുമുഖങ്ങളെ അണിനിരത്തി ജയരാജ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറി. ഇന്നും സോഷ്യല്‍ മീഡിയയില്‍ ഫോര്‍ ദി പീപ്പിളും അതിലെ സംഭാഷണങ്ങളും ചര്‍ച്ചയാകാറുണ്ട്. ചിത്രം റീ റിലീസ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ചിത്രത്തിലെ പാട്ടുകളും വലിയ രീതിയില്‍ വൈറലായി. അതുവരെ കേട്ടുശീലിച്ച പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു ഫോര്‍ ദി പീപ്പിളിലെ പാട്ടുകള്‍. സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്തും എല്ലായിടത്തും ചിത്രത്തിലെ ഗാനങ്ങള്‍ ഓരോരുത്തരും ഏറ്റെടുത്തു. സിനിമ കഴിഞ്ഞിട്ടും കാണികളുടെ ആവശ്യം കാരണം ചിത്രത്തിലെ പാട്ടുകള്‍ വീണ്ടും പ്രദര്‍ശിപ്പിക്കേണ്ടി വന്നത് വാര്‍ത്തയായിരുന്നു.

മലയാള ചലച്ചിത്ര ഗാനരംഗത്ത് വലിയ വിപ്ലവത്തിനായിരുന്നു ഫോര്‍ ദി പീപ്പിളിലെ പാട്ടുകള്‍ വഴിവെച്ചത്. ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും ഒരുപോലെ നിറഞ്ഞാടിയ ചിത്രമായിരുന്നു ഫോര്‍ ദി പീപ്പിള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നുണ്ട്. ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് ജാസി ഗിഫ്റ്റ്.

‘സത്യം പറഞ്ഞാല്‍ ഫോര്‍ ദി പീപ്പിളില്‍ ഹിറ്റാകുമെന്ന് ഞങ്ങള്‍ വിചാരിച്ച പാട്ട് ലജ്ജാവതിയായിരുന്നില്ല. ‘അന്നക്കിളി’ എന്ന പാട്ട് ഹിറ്റാകുമെന്നായിരുന്നു കരുതിയത്. വേറെ എപ്പോഴെങ്കിലും ചെയ്യാമെന്ന് കരുതി മാറ്റിവെച്ച പാട്ടായിരുന്നു ‘ലജ്ജാവതി’. എല്ലാവര്‍ക്കും ഇഷ്ടമായത് അന്നക്കിളിയായിരുന്നു. ആ പാട്ടായിരുന്നു ഫസ്റ്റ് പ്രിഫറന്‍സ്.

പടത്തിലെ പാട്ടുകളുടെ പോപ്പുലാരിറ്റി നല്ലതായിരുന്നു. ഒരുപാട് ആളുകളിലേക്ക് ഈ പാട്ടുകള്‍ എത്തി. ഒരുപാട് പേര്‍ പാട്ട് കേട്ടെങ്കിലും ആല്‍ബത്തിലെ പാട്ടാണെന്നായിരുന്നു പലരും വിചാരിച്ചത്. പിന്നെയാണ് അവര്‍ക്കെല്ലാം പാട്ടിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലായത്. പാട്ടുകള്‍ എല്ലാവരിലേക്കുമെത്തിയതിന് ശേഷം ഒന്നുരണ്ട് ഇന്റര്‍വ്യൂ ഒക്കെ കിട്ടിയിരുന്നു,’ ജാസി ഗിഫ്റ്റ് പറഞ്ഞു.

അരുണ്‍ ചെറുകാവില്‍, പദ്മകുമാര്‍, അര്‍ജുന്‍ ബോസ്, ഭരത്, നരേന്‍ എന്നിവരായിരുന്നു ഫോര്‍ ദി പീപ്പിളിലെ പ്രധാനവേഷത്തിലെത്തിയത്. അഴിമതിക്കും ദുര്‍ഭരണത്തിനെതിരുമെതിരെ പോരാടുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറഞ്ഞത്. 40 ലക്ഷം ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് മൂന്ന് കോടിയോളം സ്വന്തമാക്കി.

Content Highlight: Jassie Gift about the songs in 4 The People movie

We use cookies to give you the best possible experience. Learn more