2026 ടി-20 ലോകകപ്പിനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനത്തോടടുക്കുകയാണ്. കഴിഞ്ഞ തവണ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ശിരസിലണിഞ്ഞ കിരീടം നിലനിര്‍ത്താനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ഹോം അഡ്വാന്റേജും ഇന്ത്യയെ തുണയ്ക്കും.
ഗെയ്മിന്റെ സകല തലത്തിലും മികച്ച താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ലോകകപ്പ് നിലനിര്‍ത്താനിറങ്ങുന്നത്. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സൂര്യയ്‌ക്കൊപ്പം അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നീ സ്‌പെഷ്യലിസ്റ്റുകള്‍ അണിനിരക്കുമ്പോള്‍ ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് യൂണിറ്റും ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്.
ബുംറയുടെ കരുത്ത് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്തും ആത്മവിശ്വാസവും. കഴിഞ്ഞ തവണ ലോകകപ്പിന്റെ താരമായ ബുംറയ്ക്ക് ഈ ലോകകപ്പിലും അതുപോലെ തിളങ്ങാന്‍ സാധിക്കും.
എട്ട് മത്സരത്തില്‍ നിന്നും 15 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ബുംറ ഫിനിഷ് ചെയ്തത്. വിക്കറ്റ് വീഴ്ത്തുകയെന്നതല്ല, സ്ഥിരതയോടെ വിക്കറ്റ് വീഴ്ത്തുന്നു എന്നതാണ് മറ്റേത് ബൗളറേക്കാളും താരത്തെ കൂടുതല്‍ വിനാശകാരിയാക്കുന്നത്.
ജസ്പ്രീത് ബുംറ. Photo: BCCI/x.com
ഏത് നിമിഷവും വിക്കറ്റ് വീഴ്ത്തി കളി തിരിക്കാന്‍ സാധിക്കും എന്നത് തന്നെയാണ് ബുംറയുടെ ഏറ്റവും വലിയ ക്വാളിറ്റി. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരം തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണവും. തോല്‍വി മുമ്പില്‍ കണ്ടിടത്ത് നിന്നുമാണ് ഇന്ത്യയെ ബുംറ വിജയത്തിലേക്ക് കൈപിടിച്ചുനടത്തിയത്.
ടി-20 ഫോര്‍മാറ്റില്‍ തങ്ങളുടെ ഏറ്റവും മോശം സ്‌കോറിലൊന്നില്‍ ഒതുങ്ങിയിട്ടും പാകിസ്ഥാനെതിരെ വിജയം സ്വന്തമാക്കിയതിന് കാരണക്കാരന്‍ ബുംറ തന്നെയാണ്.
മത്സരത്തില്‍ മുഹമ്മദ് റിവ്സ്വാന്‍റെ വിക്കറ്റ് വീഴ്ത്തിയ. ബുംറയുടെ ആഹ്ലാദം. Photo: BCCI/x.com
ലോകകപ്പിലെ ഈ സ്ഥിതരയാര്‍ന്ന പ്രകടനമാണ് ബുംറയ്ക്ക് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും നേടിക്കൊടുത്തത്. ഇതോടെ ഒരു ചരിത്ര നേട്ടത്തിന്റെ പിറവിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സ്വന്തമാക്കിയ ആദ്യ താരമായാണ് ബുംറ തന്റെ പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്.
ജസ്പ്രീത് ബുംറ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി. Photo: ICC/x.com
ലോകകപ്പില്‍ പാകിസ്ഥാനെതിരെ മാത്രമാണ് താരം ബാറ്റെടുത്തത്. മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു.
(ലോകകപ്പ് – താരം – റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
2007 – ഷാഹിദ് അഫ്രിദി (പാകിസ്ഥാന്‍ – 91 – 12
2009 – തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക) – 317 – 0
2010 – കെവിന്‍ പീറ്റേഴ്‌സണ്‍ (ഇംഗ്ലണ്ട്) – 248 – 0
2012 – ഷെയ്ന്‍ വാട്‌സണ്‍ (ഓസ്‌ട്രേലിയ) – 249 – 11
2014 – വിരാട് കോഹ്‌ലി (ഇന്ത്യ) – 319 – 0
2016 – വിരാട് കോഹ്‌ലി (ഇന്ത്യ) – 273 – 1
2021 – ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) – 289 – 0
2022 – സാം കറന്‍ (ഇംഗ്ലണ്ട്) – 12 – 13
2024 – ജസ്പ്രീത് ബുംറ (ഇന്ത്യ) – 0 – 15
ജസ്പ്രീത് ബുംറ
ഈ ലോകകപ്പിലും ബുംറ തന്റെ പന്തില്‍ നിന്നും വന്‍മരങ്ങളെയടക്കം കടപുഴക്കിയെറിയുന്ന കൊടുങ്കാറ്റഴിച്ചുവിടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ബുംറയ്‌ക്കൊപ്പം പേസ് അറ്റാക്കില്‍ അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയും ഹര്‍ഷിത് റാണയും സ്പിന്‍ ഡിപ്പാര്‍ട്‌മെന്റില്‍ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരൊന്നിക്കുന്ന ബൗളിങ് യൂണിറ്റ് ഇത്തവണയും കളത്തില്‍ തീ പാറിക്കുമെന്നുറപ്പാണ്.
Content Highlight: Jasprit Bumrah won POTS in 2024 T20 World Cup without scoring a single run