| Tuesday, 28th January 2025, 6:25 pm

ഐതിഹാസികം... ചരിത്രം... ഒന്നാമന്‍... ചരിത്രനേട്ടത്തില്‍ ബുംറ; ഇന്നലെ ലഭിച്ചതിനേക്കാള്‍ മാറ്റ് കൂടിയ പുരസ്‌കാരം

സ്പോര്‍ട്സ് ഡെസ്‌ക്

പോയ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ക്കുള്ള സര്‍ ഗാരി സോബേഴ്‌സ് ട്രോഫി സ്വന്തമാക്കി സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. 2024ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ബുംറയെ തേടി പുരസ്‌കാരമെത്തിയത്.

മോഡേണ്‍ ഡേ ലെജന്‍ഡും ഫാബ് ഫോറിലെ കരുത്തനുമായ ജോ റൂട്ട്, റൂട്ടിന്റെ ക്രൈം പാര്‍ട്ണറായ ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡ് എന്നിവരെ മറികടന്നുകൊണ്ടാണ് ബുംറ പുരസ്‌കാരം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം 2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരത്തിനുള്ള ഐ.സി.സി പുരസ്‌കാരവും ബുംറ നേടിയിരുന്നു.

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ഏഴാമത് ഇന്ത്യന്‍ താരവും ആദ്യ ഫാസറ്റ് ബൗളറുമാണ് ബുംറ.

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരങ്ങള്‍

(വര്‍ഷം – താരം എന്നീ ക്രമത്തില്‍)

2004 – രാഹുല്‍ ദ്രാവിഡ്

2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2016 – ആര്‍. അശ്വിന്‍

2017 – വിരാട് കോഹ്‌ലി

2018 – വിരാട് കോഹ്‌ലി

2020 – വിരാട് കോഹ്‌ലി (ക്രിക്കറ്റര്‍ ഓഫ് ദി ഡെക്കേഡ്)

2024 – ജസ്പ്രീത് ബുംറ*

ഏതൊരു ക്രിക്കറ്ററും ആഗ്രഹിക്കുന്ന നേട്ടങ്ങളാണ് ബുംറ 2024ല്‍ സ്വന്തമാക്കിയത്. 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയ താരം ലോകകപ്പിന്റെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനൊപ്പം കഴിഞ്ഞ ദിവസം താരം ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പോയ വര്‍ഷത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായാണ് ബുംറ ചരിത്രമെഴുതിയത്. 26 ഇന്നിങ്സില്‍ നിന്നും 14.92 ശരാശരിയില്‍ പന്തെറിയുന്ന ബുംറ നാല് തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ബുംറ 2024 കലണ്ടര്‍ ഇയറില്‍ തന്റെ വിക്കറ്റ് നേട്ടം 71 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.

വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗസ് ആറ്റ്കിന്‍സണ്‍ 52 വിക്കറ്റ് മാത്രമാണ് നേടിയത് എന്ന് മനസിലാക്കുമ്പോഴാണ് ബുംറയുടെ ഡോമിനേഷന്‍ എത്രത്തോളമാണെന്ന് വ്യക്തമാവുക.

ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആറാമത് ഇന്ത്യന്‍ താരമാണ് ജസ്പ്രീത് ബുംറ. രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വിരേന്ദര്‍ സേവാഗ് (2010), ആര്‍. അശ്വിന്‍ (2016), വിരാട് കോഹ്‌ലി (2018) എന്നിവരാണ് ഇതിന് മുമ്പ് ഈ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.

നേരത്തെ ഐ.സി.സി തെരഞ്ഞെടുത്ത ടെസ്റ്റ് ടീം ഓഫ് ദി ഇയറിലും ബുംറ ഇടം നേടിയിരുന്നു.

ICC Men’s Test Team of The Year 2024

യശസ്വി ജെയ്‌സ്വാള്‍, ബെന്‍ ഡക്കറ്റ്. കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്. കാമിന്ദു മെന്‍ഡിസ്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ജസ്പ്രീത് ബുംറ.

Content Highlight: Jasprit Bumrah wins the Sir Garfield Sobers Trophy for 2024 ICC Men’s Cricketer of the Year

Latest Stories

We use cookies to give you the best possible experience. Learn more