| Monday, 23rd February 2026, 4:54 pm

റണ്‍സ് പിശുക്കി ഒന്നാമത്; തോല്‍വിയിലും ചിരിക്കുന്ന ബുംറ

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പ് സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോല്‍വി വഴങ്ങിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ടീം നേരിട്ടത്. അതോടെ നീലപ്പടയുടെ അപരാജിത കുതിപ്പിനും വിരാമമായി.

മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ താരം മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം. ഇതോടെ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന പട്ടം ഫാസ്റ്റ് ബൗളര്‍ സ്വന്തമാക്കിയിരുന്നു. 33 വിക്കറ്റുമായി ആര്‍. അശ്വിനെ പിന്തള്ളിയായിരുന്നു താരത്തിന്റെ ഈ നേട്ടം.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

ഇതിനൊപ്പം തന്നെ ബുംറ മറ്റൊരു ലിസ്റ്റിലും തലപ്പത്തെത്തി. ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 15 റണ്‍സിന് താഴെ മാത്രം റണ്‍സ് വിട്ടുനല്‍കിയ ബൗളര്‍മാരിലാണ് താരം ഒന്നാമതെത്തിയത്. നാല് ഓവറുകളും എറിഞ്ഞ് അഞ്ച് തവണയാണ് പേസര്‍ ഇത്രയും റണ്‍സ് വിട്ടുനല്കുന്നതില്‍ പിശുക്ക് കാണിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരം സാമുവല്‍ ബദ്രിയെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം.

ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ 15 റണ്‍സില്‍ താഴെ മാത്രം വഴങ്ങിയ താരങ്ങള്‍

(താരം – ടീം – എണ്ണം എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 5

സാമുവല്‍ ബദ്രി – വെസ്റ്റ് ഇന്‍ഡീസ് – 4

അജന്ത മെന്‍ഡിസ് – ശ്രീലങ്ക – 4

ടിം സൗത്തി – ന്യൂസിലാന്‍ഡ് – 4

ബുംറയ്ക്ക് പുറമെ അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുകളും പിഴുതു. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

ഡേവിഡ് മില്ലർ. Photo: Proteas Men/x.com

പ്രോട്ടിയാസിനായി ഡേവിഡ് മില്ലര്‍ 35 പന്തില്‍ 63 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം ഡെവാള്‍ഡ് ബ്രെവിസ് 29 പന്തില്‍ 45 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് 24 പന്തില്‍ പുറത്താവാതെ 44 റണ്‍സ് സംഭാവന ചെയ്തു.

മറുപടി ബാറ്റിങ്ങില്‍ 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിക്കാത്തതോടെ ടീം 111 റണ്‍സിന് പുറത്തായി.

പ്രോട്ടിയാസിനായി മാര്‍കോ യാന്‍സന്‍ നാല് വിക്കറ്റുകളും കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഏയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Jasprit bumrah tops the list of Most times conceding 15 or below in T20 World Cup (full quota bowled)

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more