| Wednesday, 18th June 2025, 12:42 pm

എനിക്ക് ടെസ്റ്റ് ക്രിക്കറ്റാണ് മികച്ചത്, പക്ഷേ... വമ്പൻ പ്രസ്താവനയുമായി ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോർമാറ്റായി വമ്പൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും പരിഗണിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനെയാണ്. വിരാട് കോഹ്‌ലിയടക്കമുള്ള പല ഇന്ത്യൻ സൂപ്പർ താരങ്ങളും അതേ നിലപാട് വെച്ചു പുലർത്തുന്നവരാണ്. ഈ ഫോർമാറ്റാണ് താരങ്ങൾക്ക് ആദരവും അംഗീകാരവും നൽകുന്നതെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

എന്നാൽ യുവതലമുറയിൽ ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോർമാറ്റിനോട് താത്പര്യം കുറയുകയാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്. ടി – 20 ലീഗുകളുടെ വളർച്ചയും അതിലൂടെ ഒഴുകുന്ന പണവുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്.

ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചും അതിനോടുള്ള യുവതാരങ്ങളുടെ മനോഭാവത്തോടുമുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറ. ഏറ്റവും മികച്ചതായി താൻ കരുതുന്ന ടെസ്റ്റ് ക്രിക്കറ്റ് കണ്ടാണ് വളർന്നതെന്നും അതിലെ പ്രകടനങ്ങൾ വെച്ചാണ് ഞാൻ എന്നെ വിലയിരുത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും ശുദ്ധമായ ഫോർമാറ്റാണെന്നും പക്ഷേ എല്ലാവരും വ്യത്യസ്തരാണെന്നും താരങ്ങളുടെ മനോഭാവവും ചിന്താഗതിയും മാറിയെന്നും ഇന്ത്യൻ പേസർ അഭിപ്രായപ്പെട്ടു. വിരാട് കോഹ്‌ലി പറഞ്ഞതുപോലെ ടെസ്റ്റ് ക്രിക്കറ്റിലൂടെ ആദരവ് ലഭിക്കുമെന്നും താൻ അതിനായി യുവതാരങ്ങളെ ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ പ്രചോദിപ്പിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

‘എല്ലാവരും വ്യത്യസ്തരാണ്. ഞാൻ ടെസ്റ്റ് ക്രിക്കറ്റ് കണ്ടാണ് വളർന്നത്, അതാണ് എനിക്ക് ഏറ്റവും മികച്ച ഫോർമാറ്റ്. അതിലെ പ്രകടനങ്ങൾ വെച്ചാണ് ഞാൻ എന്നെ വിലയിരുത്താറുള്ളത്. എന്നാൽ പുതിയ തലമുറ വ്യത്യസ്തമാണ്. ടി – 20 ലീഗുകളും മറ്റ് വ്യത്യസ്‌ത ലീഗുകളുമുണ്ട്. മനോഭാവവും ചിന്താഗതിയും മാറി. ഫാസ്റ്റ് ബൗളർമാരെ വിലയിരുത്താൻ കഴിയില്ല. ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും ശുദ്ധമായ ഫോർമാറ്റാണ്, പക്ഷേ എല്ലാവരും വ്യത്യസ്തരാണ്.

വിരാട് കോഹ്‌ലി പറഞ്ഞതുപോലെ, ഈ ഫോർമാറ്റിൽ മത്സരിക്കുന്നതിലൂടെ നിങ്ങൾക്ക് ആദരവ് ലഭിക്കും. ഞാൻ അതിനായി യുവതാരങ്ങളെ ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ പ്രചോദിപ്പിക്കും. ലോകത്തിന്റെ ബഹുമാനമാണ് വേണ്ടതെങ്കിൽ നിങ്ങൾ റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കൊടുക്കണം. ഫാസ്റ്റ് ക്രിക്കറ്റാണ് ഇഷ്ടമെങ്കിൽ ടി – 20, ഏകദിന ക്രിക്കറ്റ് എന്നിവയാണ് മുന്നോട്ടുള്ള വഴി,’ ബുംറ പറഞ്ഞു.

ഏത് ഫോർമാറ്റിൽ കളിക്കണമെന്നത് ഓരോ കളിക്കാരന്റെയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും ബൗളർമാർ വളരെയധികം ശാരീരിക സമ്മർദം നേരിടുന്നുവെന്നും ബുംറ പറഞ്ഞു. ഓരോരുത്തർക്കും പണം സമ്പാദിക്കാനും കുടുംബത്തെ പോറ്റാനും ഒരു കരിയർ മാത്രമേയുള്ളൂവെന്നും ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ അവരുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിൽ ബുദ്ധിപരമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അത് ഓരോ കളിക്കാരന്റെയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ബൗളർമാർ വളരെയധികം ശാരീരിക സമ്മർദം നേരിടുന്നു, അവർക്ക് പണം സമ്പാദിക്കാനും കുടുംബത്തെ പോറ്റാനും ഒരു കരിയർ മാത്രമേയുള്ളൂ. ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ അവരുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിൽ, അവർക്ക് ഇപ്പോഴും കളിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ബുദ്ധിപരമായ തെരഞ്ഞെടുപ്പ് നടത്തണം,’ ബുംറ പറഞ്ഞു.

Content Highlight: Jasprit Bumrah talks about test cricket and backed the young players if they wanted to give up Test cricket due to injury issues

We use cookies to give you the best possible experience. Learn more