ഐ.പി.എല്‍ 2026 സീസണ്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 28ന് തുടങ്ങുന്ന 19ാം എഡിഷനില്‍ ടീമുകളും താരങ്ങളും അവസാന ഘട്ട ഒരുക്കത്തിലാണ്.
ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങളെല്ലാം തങ്ങളുടെ ടീം ക്യാമ്പില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, മുംബൈയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. പരിക്ക് കാരണമാണോ താരം മുംബൈ ക്യാമ്പില്‍ എത്താത്തതെന്ന ചോദ്യങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
ജസ്പ്രീത് ബുംറ. Photo: MumbaiIndians
അതിനിടയില്‍ ബുംറ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് (സി. ഒ. ഇ) സന്ദര്‍ശിച്ചിരുന്നു. ഇത് താരത്തിന് പരിക്കാണെന്ന ചര്‍ച്ചകള്‍ സജീവമാക്കി. ഇപ്പോള്‍ മുംബൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ബുംറ സി. ഒ. ഇ സന്ദര്‍ശിച്ചതെന്ന് ഇ. എസ്. പി. എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പരിക്ക് കാരണമല്ല, ഒരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സി. ഒ. ഇയില്‍ ബുംറ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനായി ബി.സി. സി. ഐ മെഡിക്കല്‍ ടീം പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് വിവരം.
ജസ്പ്രീത് ബുംറ. Photo: MumbaiIndians
ജൂലൈയില്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായി ബുംറയ്ക്ക് ഫിറ്റ്‌നസ് ഉറപ്പാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അഞ്ച് ടി – 20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഈ പര്യടനത്തിലുള്ളത്.
അതേസമയം, അടുത്ത ദിവസങ്ങളില്‍ തന്നെ ബുംറ മുംബൈക്കൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള (കെ. കെ. ആര്‍) ടീമിന്റെ ആദ്യ മത്സരത്തില്‍ ഉണ്ടാവുമെന്നാണ് വിവരം. മാര്‍ച്ച് 29നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി.
Content Highlight: Jasprit Bumrah reports to BCCI’s CoE for workload management ahead of IPL 2026