ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ ഏഷ്യ കപ്പില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് താരം അടുത്ത മാസം തുടങ്ങുന്ന ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നില്‍ക്കുകയെന്നാണ് സൂചന. പി.ടി.ഐ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 29 വരെയാണ് ഏഷ്യ കപ്പ് നടക്കുക. ഇന്ത്യയുടെ ഷെഡ്യൂള്‍ പ്രകാരം ടൂര്‍ണമെന്റ് അവസാനിച്ച് ഒരാഴ്ചക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസുമായി ടെസ്റ്റ് പരമ്പരയുമുണ്ട്. ഈ പരമ്പരയില്‍ ബുംറയെ കളിപ്പിക്കണമെന്നതിനാലാണ് ഏഷ്യ കപ്പില്‍ താരം കളിക്കാതിരിക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘അതൊരു ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും, പക്ഷേ ബുംറ ടെസ്റ്റ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റുകളും അപകടത്തിലാണ്. ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ ടി – 20 പരമ്പരയില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയും. അത് ടി – 20 ലോകകപ്പിനുള്ള റിഹേഴ്സലായിരിക്കും.
ബുംറ ഏഷ്യ കപ്പില്‍ കളിക്കുകയും ഇന്ത്യ ഫൈനലില്‍ എത്തുകയും ചെയ്താല്‍ അദ്ദേഹത്തിന് അഹമ്മദാബാദില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ കളിക്കാന്‍ സാധിക്കില്ല.
അദ്ദേഹം വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കണോ അതോ ഒരു മാസം വിശ്രമിച്ച് ഏഷ്യാ കപ്പ് കളിക്കണോ, തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണോ എന്നതാണ് വലിയ ചോദ്യം. അജിത് അഗാര്‍ക്കറും ഗൗതം ഗംഭീറും ആ തീരുമാനം എടുക്കേണ്ടതുണ്ട്,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബുംറ കളത്തിലിറങ്ങിയിരുന്നത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് താരം എല്ലാ മത്സരങ്ങളിലും കളിക്കാതിരുന്നത്. ഇപ്പോള്‍ നടക്കുന്ന ഓവല്‍ ടെസ്റ്റിന് മുമ്പ് താരത്തെ ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലുമാണ് താരം ഇംഗ്ലണ്ടിനെതിരെ കളിച്ചത്.
പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ബുംറ 14 വിക്കറ്റുകള്‍ നേടിയിരുന്നു. ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. എന്നാല്‍ മാഞ്ചസ്റ്ററില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചില്ല.
Content Highlight: Jasprit Bumrah is to skip Asia Cup 2025: Reports