| Friday, 14th November 2025, 5:10 pm

പ്രോട്ടിയാസിനെതിരായ താണ്ഡവത്തില്‍ പിറന്നത് കിടിലന്‍ റെക്കോഡ്; അശ്വിന്‍ വാഴുന്ന ലിസ്റ്റിലേക്ക് ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. ടോസ് നേടി ബാറ്റ് തെരഞ്ഞെടുത്ത പ്രോട്ടിയാസ് 55 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം അവസാനിച്ചപ്പോള്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി കെ.എല്‍. രാഹുല്‍ 59 പന്തില്‍ 13 റണ്‍സും വാഷിങ്ടണ്‍ സുന്ദര്‍ 38 പന്തില്‍ ആറ് റണ്‍സും നേടി ക്രീസില്‍ ഉണ്ട്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ 12 റണ്‍സിന് ഇന്ത്യക്ക് നേരത്തെ നഷ്ടപ്പെട്ടു.

അതേസമയം ഇന്ത്യക്കുവേണ്ടി ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. വെറും 14 ഓവറില്‍ നിന്ന് അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 1.93 എന്ന എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ഇതോടെ തന്റെ ടെസ്റ്റ് കരിയറിലെ 16ാം ഫൈഫര്‍ സ്വന്തമാക്കാനും ബുംറക്ക് സാധിച്ചു.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ബുംറക്ക് സാധിച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കെതിരെയുള്ള ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് ബുംറക്ക് സാധിച്ചത്. വെറും 16 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഹര്‍ഭജന്‍ ഉള്‍പ്പെടെയുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമാണ് ബുംറ ഈ നേട്ടത്തില്‍ എത്തിയത്.

സൗത്ത് ആഫ്രിക്കെതിരെയുള്ള ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഫൈഫര്‍ നേടുന്ന ഇന്ത്യന്‍ താരം

ആര്‍. അശ്വിന്‍ – 5

ജസ്പ്രീത് ബുംറ – 4

ജവകള്‍ ശ്രീനാഥ് – 4

ഹര്‍ഭജന്‍ സിങ് – 4

അതേസമയം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഓപ്പണ്‍ എയ്ഡന്‍ മാര്‍ക്രമാണ്. 48 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്. റയാന്‍ റിക്കില്‍ട്ടണ്‍ 23 റണ്‍സും വിയാന്‍ മില്‍ഡര്‍ 24 റണ്‍സും നേടി. ടോണി ഡി സോര്‍സിയും മധ്യനിരയില്‍ 55 പന്തില്‍ 24 റണ്‍സ് നേടി.

Content Highlight: Jasprit Bumrah In Great Record Achievement In Test Cricket Against South Africa

We use cookies to give you the best possible experience. Learn more