| Thursday, 2nd October 2025, 8:32 pm

3 x 50! ഈ റെക്കോഡുള്ള നിലവിലെ ഒരേയൊരു ഫാസ്റ്റ് ബൗളര്‍; ബുംറയാടാ... കയ്യടിക്കടാ...

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യ ഇന്നിങ്‌സിന്റെ ആദ്യ ദിവസം തന്നെ സന്ദര്‍ശകരെ പുറത്താക്കിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തറിയിച്ചത്.

വെറും 162 റണ്‍സിനാണ് വിന്‍ഡീസിനെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ തളച്ചിട്ടത്. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും മൂന്ന് വിക്കറ്റുമായി തിളങ്ങിയ ജസ്പ്രീത് ബുംറയുടെയും ബലത്തിലായിരുന്നു ഇന്ത്യയുടെ വേട്ട.

ഈ മൂന്ന് വിക്കറ്റിന് പിന്നാലെ ഇന്ത്യന്‍ മണ്ണില്‍ തന്റെ വിക്കറ്റ് നേട്ടം 50 ആക്കി ഉയര്‍ത്താനും ബുംറയ്ക്ക് സാധിച്ചു. ഇതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബുംറ സ്വന്തമാക്കി. മൂന്ന് വിവിധ രാജ്യങ്ങളില്‍ 50 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാണ് ബുംറയ്ക്ക് സാധിച്ചത്. ഈ റെക്കോഡ് സ്വന്തമാക്കുന്ന ഏക ആക്ടീവ് പേസറാണ് ബുംറ.

ഇന്ത്യയ്ക്ക് പുറമെ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമാണ് ബുംറയ്ക്ക് 50 വിക്കറ്റുകളുള്ളത്. ഓസ്‌ട്രേലിയയില്‍ 64 വിക്കറ്റുകളെടുത്ത താരം ഇംഗ്ലണ്ട് മണ്ണില്‍ 51 വിക്കറ്റുകളും സ്വന്തമാക്കി.

അതേസമയം, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ ക്രീസില്‍ നിലയുറപ്പിക്കാനോ കരിബീയന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.

48 പന്ത് നേരിട്ട് 32 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് (36 പന്തില്‍ 26), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സ് (43 പന്തില്‍ 24) എന്നിവരുടെ ഇന്നിങ്‌സുകള്‍ വെസ്റ്റ് ഇന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി. എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 21 റണ്‍സും വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.

14 ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് മുഹമ്മദ് സിറാജ് കരിയറിലെ മറ്റൊരു ഫോര്‍ഫര്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. തഗനരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അത്തനാസ്, ബ്രാന്‍ഡന്‍ കിങ്, റോസ്റ്റണ്‍ ചെയ്‌സ് എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.

43 റണ്‍സിനാണ് ബുംറ മൂന്ന് താരങ്ങളെ മടക്കിയത്. ജോണ്‍ കാംബെല്‍, ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോഹാന്‍ ലെയ്ന്‍ എന്നിവരാണ് ബുറയോട് തോറ്റ് മടങ്ങിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസിന്റെ പതനം പൂര്‍ത്തിയാക്കി.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ്. 35 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും ഏഴ് റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇതുവരെ നഷ്ടപ്പെട്ടത്. കെ.എല്‍. രാഹുല്‍ (114 പന്തില്‍ 53), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (42 പന്തില്‍ 18) എന്നിവരാണ് നിലവില്‍ ക്രീസില്‍.

Content Highlight: Jasprit Bumrah completed 50 Test wickets in 3 different countries

We use cookies to give you the best possible experience. Learn more