പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഇന്ത്യയുടെ യോര്‍ക്കര്‍ കിങ് ജസ്പ്രീത് ജസ്ബിര്‍സിങ് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവട് വെച്ചത്. അതിന് ശേഷം ഇന്ത്യയുടെ വിശ്വസ്തനായ വിക്കറ്റ് വേട്ടക്കാരനായി താരം വളര്‍ന്നു. എപ്പോഴെല്ലാം ടീമിന് ബ്രേക്ക് ത്രൂ വേണമായിരുന്നോ അപ്പോഴെല്ലാം അയാള്‍ അവതരിച്ചു. കൂടാതെ, പലപ്പോഴും ചെറിയ സ്‌കോറുകള്‍ വരെ ഫാസ്റ്റ് ബൗളര്‍ ഡിഫന്‍ഡ് ചെയ്ത് ടീമിന് വിജയം സമ്മാനിച്ചു.
ആരാധകരുടെ പ്രിയ ബുംറ 2016ല്‍ ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിനത്തിലാണ് ആദ്യമായി നീല കുപ്പായത്തില്‍ കളത്തില്‍ ഇറങ്ങിയത്. സിഡ്നിയില്‍ നടന്ന മത്സരത്തില്‍ അന്ന് താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 10 പത്ത് ഓവര്‍ 4.00 എക്കോണമിയില്‍ 40 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഈ പ്രകടനം. അരങ്ങേറ്റത്തില്‍ തന്നെ തന്റെ ബൗളിങ് മികവ് കൊണ്ട് താരം ആരാധകരുടെ മനസ് കീഴടക്കി.
ജസ്പ്രീത് ബുംറ. Photo: BCCI/x.com
പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യക്കായി താരം മൂന്ന് ഫോര്‍മാറ്റുകളിലും കളത്തിലെത്തി. മികവാര്‍ന്ന പ്രകടനങ്ങള്‍ കൊണ്ട് താരം പതിയെ പതിയെ ഉയരങ്ങള്‍ താണ്ടുകയും നിരവധി നേട്ടങ്ങളും സ്വന്തമാക്കുകയും ചെയ്തു. യോക്കറുകള്‍ എറിഞ്ഞ് എതിരാളികളുടെ പേടി സ്വപ്നമായി മാറുന്നതിനൊപ്പം തന്നെ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ എന്ന വിശേഷണവും 32കാരന്‍ തന്റെ പേരില്‍ ചേര്‍ത്തു.
ഇന്നിപ്പോള്‍ ഇന്ത്യയുടെ മികച്ച ബൗളര്‍മാരില്‍ ഒരാളായി വളര്‍ന്ന ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ അത്യുജ്ജല കരിയറില്‍ ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളില്‍ പങ്കാളിയാവുന്നതിനൊപ്പം തന്നെ വിക്കറ്റ് വേട്ടയില്‍ മിന്നും നേട്ടങ്ങള്‍ കൂടിയും താരം തന്റെ അക്കൗണ്ടിലെത്തിച്ചു.
ജസ്പ്രീത് ബുംറ. Photo: BCCI/x.com
ഈ കരിയറിനിടയില്‍ താരം 2024ല്‍ ഐ.സി.സിയുടെ ആ വര്‍ഷത്തെ ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം ഇന്ത്യയ്ക്ക് ടി – 20 ലോകകപ്പ് നേടുന്നതിലും നിര്‍ണായക സാന്നിധ്യമായി. കൂടാതെ, ആ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും വലം കൈയ്യന്‍ ബൗളര്‍ തന്റെ അലമാരയിലെത്തിച്ചു.
ഇതിനെല്ലാം പുറമെ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നടന്ന പരമ്പരകളിലെല്ലാം ബുംറ പ്ലെയര്‍ ഓഫ് ദി സീരീസ് പട്ടം സ്വന്തമാക്കി. അവിടെയും താരത്തിന്റെ മികവ് അവസാനിക്കുന്നില്ല. ടെസ്റ്റില്‍ ഇന്ത്യക്കായി 234 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഏകദിനത്തില്‍ താരം 149 വിക്കറ്റും നേടി.
ജസ്പ്രീത് ബുംറ. Photo: BCCI/x.com
ബുംറ ടി – 20യില്‍ ഇന്ത്യക്കായി വിക്കറ്റ് വേട്ടയില്‍ ‘സെഞ്ച്വറിയടിച്ച’ മൂന്ന് താരങ്ങളില്‍ ഒരാളാണ്. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ 103 വിക്കറ്റുകളാണ് താരം പിഴുതത്. ഇപ്പോള്‍ ഇന്ത്യ മറ്റൊരു ലോകകപ്പിന് കിരീടം മോഹിച്ച് ഇറങ്ങുമ്പോള്‍ ഫാസ്റ്റ് ബൗളിങ് യൂണിറ്റിനെ നയിക്കുന്നത് ബുംറ തന്നെയാണ്. ഈ പത്ത് വര്‍ഷത്തിനടിയില്‍ ഇന്ത്യക്കായി പുറത്തെടുത്ത മികവ് ഇനിയും താരം തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Content Highlight: Jasprit Bumrah complete 10 years in Indian Cricket