| Friday, 3rd October 2025, 7:19 am

വിന്‍ഡീസിനെതിരായ ബുംറ മാജിക്; എറിഞ്ഞിട്ടത് റെക്കോഡുകളുടെ പെരുമഴ

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറ നടത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ 162 റണ്‍സിന് പുറത്താക്കാന്‍ സാധിച്ചിരുന്നു. ഇതില്‍ മുഹമ്മദ് സിറാജിനൊപ്പം ബുംറയുടെയും പ്രകടനം നിര്‍ണായകമായിരുന്നു.

മത്സരത്തില്‍ ബുംറയ്ക്ക് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്താന്‍ സാധിച്ചത്. 14 ഓവര്‍ എറിഞ്ഞ താരം 42 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്ന് എക്കോണമിയില്‍ പന്തെറിഞ്ഞായിരുന്നു താരത്തിന്റെ പ്രകടനം. ജോണ്‍ കാംബെല്‍, ജസ്റ്റിന്‍ ഗ്രീവ്സ്, ജൊഹാന്‍ ലെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയത്.

ഇതോടെ ഒരു സൂപ്പര്‍ നേട്ടം ബുംറയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചു. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമാകാനാണ് വലം കൈയ്യന്‍ ബൗളര്‍ക്കായത്. 1747 പന്തുകള്‍ മാത്രം എറിഞ്ഞാണ് ബുംറ ഈ നേട്ടത്തിലെത്തിയത്.

ഈ നേട്ടത്തില്‍ മുഹമ്മദ് ഷമിയാണ് രണ്ടാമത്. താരം 2267 പന്തുകളാണ് ടെസ്റ്റ് വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ എടുത്തത്. ഹര്‍ഭജന്‍ സിങ്ങാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. താരത്തിനാകട്ടെ വേണ്ടി വന്നത് 2272 പന്തുകളുമാണ്.

വിന്‍ഡീസിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്നിങ്‌സിന്റെ അടിസ്ഥാനത്തിലും ബുംറ അര്‍ധ സെഞ്ച്വറികാരുടെ പട്ടികയില്‍ വേഗക്കാരനായിരുന്നു. മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥിനൊപ്പമാണ് ഈ നേട്ടത്തില്‍ തലപ്പത്തുള്ളത്. ഇരുവരും 24 ഇന്നിങ്‌സില്‍ നിന്നാണ് ഇന്ത്യന്‍ മണ്ണില്‍ 50 വിക്കറ്റുകള്‍ തികച്ചത്.

കൂടാതെ, ഇന്ത്യയില്‍ 50 വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ മികച്ച ആവറേജും ബുംറയുടെ പേരിലാണ്. 17 ആണ് താരത്തിന്റെ ടെസ്റ്റിലെ ആവറേജ്. മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ റിച്ചി ബെനോഡാണ് ഇക്കാര്യത്തില്‍ 20ല്‍ താഴെ ആവറേജുള്ള മറ്റൊരു താരം. ഇന്ത്യയിൽ അദ്ദേഹത്തിന് 18.38 ആണ് ശരാശരി.

Content Highlight: Jasprit Bumrah became fastest to reach 50 test wickets in India by balls and registers best average in India

We use cookies to give you the best possible experience. Learn more