| Monday, 29th December 2025, 1:24 pm

കിവികളെ നേരിടാന്‍ ഇന്ത്യയൊരുങ്ങുന്നു; സൂപ്പര്‍ താരങ്ങളുണ്ടായേക്കില്ല!

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയില്‍ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയ്ക്കും ഹര്‍ദിക് പാണ്ഡ്യയ്ക്കും വിശ്രമം നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടി – 20 ലോകകപ്പിന് മുന്നോടിയായി ഇരുവരുടെയും വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് വിവരം. ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏകദിന ടീമില്‍ കളിക്കുന്നില്ല. ഹര്‍ദിക് ചാമ്പ്യന്‍സ് ട്രോഫിയിലാണ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ബുംറയാകട്ടെ 2023 ഏകദിന ലോകകപ്പിന് ശേഷം ഒരു ഏകദിനം പോലും കളിച്ചിട്ടില്ല.

ജസ്പ്രീത് ബുംറയും ഹർദിക് പാണ്ഡ്യയും. Photo: X.com

ഏകദിന ടീമില്‍ ഇരുവരും കളിക്കുന്നില്ലെങ്കിലും ന്യൂസിലാന്‍ഡിനെതിരെ ടി – 20 പരമ്പരയില്‍ കളിക്കും. ജനുവരി 21നാണ് പരമ്പര തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

അതേസമയം, ജനുവരി 11 മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ അടുത്ത മാസം ആദ്യ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്ബസിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ജനുവരി നാലിനോ അഞ്ചിനോ ആവും ടീം പ്രഖ്യാപനം എന്നാണ് വിവരം.

ശ്രേയസ് അയ്യർ . Photo: Johns/x.com

ഹര്‍ദിക് വിജയ് ഹസാരെയില്‍ ബറോഡാക്കായി കളത്തില്‍ ഇറങ്ങിയേക്കുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. ടൂര്‍ണമെന്റിലെ അവസാന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലാവും താരം കളത്തില്‍ ഇറങ്ങുക.

കൂടാതെ, ശ്രേയസ് അയ്യരെ കുറിച്ചും ക്രിക്ബസ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. താരം വിജയ് ഹസാരെയില്‍ കളിക്കാന്‍ മുംബൈ ടീമിലേക്ക് തിരിച്ചെത്തുമോ ഇല്ലയോ എന്ന കാര്യത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എം.സി.എ) ഉറപ്പില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ ന്യൂസിലന്‍ഡിന് എതിരെയുള്ള ഏകദിന ടീമിനെ പ്രഖ്യാപിക്കുനന്തിന് മുമ്പ് താരം മുംബൈയില്‍ എത്തിയേക്കും.

അതേസമയം, കിവീസിന് എതിരെയുള്ള ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളനുള്ളത്. ജനുവരി 11, 14, 18 എന്നീ തീയതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക. യഥാക്രമം വഡോദര, രാജ്‌കോട്ട്, ഇന്‍ഡോര്‍ എന്നിവയാണ് മത്സരത്തിന്റെ വേദികള്‍.

Content Highlight: Jasprit Bumrah and Hardik Pandya is likely to rested for New Zealand ODI

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more