| Thursday, 17th September 2026, 9:50 pm

അച്ഛന്‍ പ്രൊമോഷന്‍ ചെയ്യില്ല പക്ഷേ അദ്ദേഹം ചിത്രത്തിനായി കാത്തിരിക്കുകയാണ്: ജേസണ്‍ സഞ്ജയ്

അശ്വിന്‍ രാജേന്ദ്രന്‍

വലിയ സംഭവവികാസങ്ങള്‍ക്കായിരുന്നു തമിഴ് സിനിമാ ലോകവും രാഷ്ട്രീയവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാക്ഷ്യം വഹിച്ചത്. തമിഴിലെ ഏറ്റവുമധികം സ്റ്റാര്‍വാല്യൂവുള്ള അഭിനേതാവായ വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തപ്പോള്‍ നേരംപോക്ക് മാത്രമായിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും ഭൂരിപക്ഷം നേടി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.

വിജയ് മകനൊപ്പം. Photo: Moneycontrol

രാഷ്ട്രീയ വിവാദങ്ങളുടെ ഭാഗമായി വിജയിയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഒട്ടനവധി അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. മകന്‍ ജേസണ്‍ വിജയിയുമായി അകല്‍ച്ചയിലാണെന്നത് അതിലൊന്നായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ജേസണിന്റെ അഭിമുഖം ഇതിനെയെല്ലാം കാറ്റില്‍ പറത്തിയിരുന്നു. വിജയ് സിനിമയില്‍ നിന്നും പിന്മാറിയപ്പോള്‍ മകന്‍ ജേസണ്‍ സംവിധായകനായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

ഒക്ടോബര്‍ രണ്ടിന് റിലീസിനൊരുങ്ങുന്ന സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സിനിമാ ലോകത്തേക്ക് തന്റെ ആദ്യ ചുവട് വെക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ഇവന്റുകളില്‍ സംസാരിക്കവെ പിതാവ് വിജയിയെ കുറിച്ചുള്ള ജേസണിന്റെ പ്രതികരണങ്ങളെല്ലാം സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന് പിതാവ് വിജയ് സഹായിക്കില്ലേ എന്ന ചോദ്യത്തിന് ജേസണ്‍ പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

പിതാവ് ചിത്രത്തിന്റെ പ്രൊമോഷന് എത്തില്ലെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ചിത്രത്തിന്റെ പ്രൊമോഷന്‍ ഓവര്‍ലാപ് ചെയ്യപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജേസണ്‍ പറയുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിനാല്‍ അദ്ദേഹത്തിന് ഒരുപാട് ഉത്തരവാദിത്തമുണ്ടെന്നും എങ്കിലും തന്റെ സിനിമ കാണാന്‍ അദ്ദേഹത്തിന് വലിയ എക്‌സൈറ്റ്‌മെന്റുണ്ടെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു.

സിഗ്മ. Photo: District

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിഗ്മ ഒരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. വന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രം ജൂലൈ 30ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ജന നായകന്റെ റിലീസ് കാരണം ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 2ലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Jason Sanjay talks about his father Vijay not coming for promotion of his directorial debut movie Sigma

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more