| Sunday, 4th October 2026, 8:33 pm

തമിഴില്‍ തലയ്ക്കും ദളപതിയ്ക്കും ഇടയിലാണ് മത്സരം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്: ജേസണ്‍ സഞ്ജയ്

അശ്വിന്‍ രാജേന്ദ്രന്‍

വലിയ സംഭവവികാസങ്ങള്‍ക്കായിരുന്നു തമിഴ് സിനിമാ ലോകവും രാഷ്ട്രീയവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാക്ഷ്യം വഹിച്ചത്. തമിഴിലെ ഏറ്റവുമധികം സ്റ്റാര്‍വാല്യൂവുള്ള അഭിനേതാവായ വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തപ്പോള്‍ നേരംപോക്ക് മാത്രമായിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നും ഭൂരിപക്ഷം നേടി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.

സിഗ്മ. Photo: X.com

രാഷ്ട്രീയ വിവാദങ്ങളുടെ ഭാഗമായി വിജയിയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഒട്ടനവധി അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. മകന്‍ ജേസണ്‍ വിജയിയുമായി അകല്‍ച്ചയിലാണെന്നത് അതിലൊന്നായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ജേസണിന്റെ അഭിമുഖം ഇതിനെയെല്ലാം കാറ്റില്‍ പറത്തിയിരുന്നു. വിജയ് സിനിമയില്‍ നിന്നും പിന്മാറിയപ്പോള്‍ മകന്‍ ജേസണ്‍ സംവിധായകനായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

സുന്ദീപ് കിഷനെ നായകനാക്കി ഒരുക്കിയ സിഗ്മയിലൂടെയായിരുന്നു ജേസന്റെ കന്നി സംവിധായകനായുള്ള സിനിമാ അരങ്ങേറ്റം. വലിയ ഹൈപ്പിലാണ് ചിത്രം എത്തിയതെങ്കിലും ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ സിഗ്മ പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തമിഴിലെ സൂപ്പര്‍താരങ്ങളായ തന്റെ പിതാവിനെയും അജിത്ത് കുമാറിനെയും കുറിച്ച് ജേസണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തമിഴ് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഏത് താരങ്ങള്‍ തമ്മിലാണ് മത്സരം നടക്കുന്നതായി തോന്നിയിട്ടുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജേസണ്‍.

‘ഇന്‍ഡസ്ട്രിയില്‍ അങ്ങനെ രണ്ട് പേര്‍ തമ്മില്‍ മത്സരമുള്ളതായി ചെറിയ പ്രായം മുതല്‍ തന്നെ നമ്മള്‍ കണ്ടത് തലയും ദളപതിയും തമ്മിലാണ്. മത്സരമെന്ന് പറയുമ്പോഴും സിനിമയില്‍ രണ്ട് പേരും തമ്മില്‍ ആരോഗ്യകരമായ മത്സരമായിരുന്നു. നീ ഇതുപോലത്തെ പടം എടുത്താല്‍ ഞാനും അതുപോലെ എടുക്കും എന്ന രീതിയിലായിരുന്നു മത്സരം. പക്ഷേ ഇപ്പോള്‍ ദളപതി സിനിമ വിട്ട് വേറെ ഒരു മേഖല തെരഞ്ഞെടുത്തിരിക്കുകയാണ്. അജിത്ത് സാറും വേറെ ഒരു ഫീല്‍ഡില്‍ ഫോക്കസ് ചെയ്തിരിക്കുകയാണ്.

Photo: X.com

അന്നത്തെ പോലെ ഇപ്പോള്‍ അത്തരത്തിലൊരു മത്സരം അവര്‍ തമ്മിലില്ല. പക്ഷേ ഇനിയും അവരെ അങ്ങനെ കാണാന്‍ നമുക്ക് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അജിത്ത് സാറിന്റെ ആരംഭം എന്ന പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട്. അച്ഛന്റെ എല്ലാ ചിത്രങ്ങളും ചെറുപ്പം മുതല്‍ തന്നെ തിയേറ്ററില്‍ കാണാറുമുണ്ട്,’ ജേസണ്‍ പറഞ്ഞു.

Content Highlight: Jason Sanjay talks about Ajith Kumar and Vijay

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more