| Thursday, 24th September 2026, 6:49 pm

അല്‍ഫോണ്‍സ് പുത്രന്‍ പടത്തിന് നോ പറഞ്ഞു; കാരണം വ്യക്തമാക്കി ജേസണ്‍ സഞ്ജയ്

അശ്വിന്‍ രാജേന്ദ്രന്‍

സൗത്ത് ഇന്ത്യയില്‍ ഏറ്റവും വലിയ ആരാധകപിന്തുണയുള്ള അഭിനേതാവാണ് വിജയ്. എന്നാല്‍ രാഷ്ട്രീയപ്രവേശനം നടത്തുകയും തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തതോടെ സിനിമാ ജീവിതത്തിന് വിജയ് അവസാനം കുറിക്കുകയായിരുന്നു. താരം കളമൊഴിഞ്ഞെങ്കിലും പുത്രന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. വിജയിയുടെ വഴിയേ അഭിനേതാവായല്ല ജേസണ്‍ സിനിമയിലേക്കെത്തുന്നത്.

തെലുങ്ക് താരം സന്ദീപ് കിഷനെ നായകനാക്കി സംവിധായകനായാണ് ജേസണ്‍ സഞ്ജയ് തന്റെ ആദ്യ ചിത്രവുമായി അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം ആക്ഷന്‍ റൊമാന്‍സ് ഡ്രാമയായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട പ്രൊമോഷനുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.

ജേസണ്‍ സഞ്ജയ്. Photo: Screen Grab/ Galatta Plus/ Youtube.com

സിഗ്മയുടെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാള സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും എന്നാല്‍ ഇതില്‍ നിന്നും താന്‍ പിന്മാറിയതിനെ കുറിച്ചും ജേസണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയോട് താത്പര്യമുണ്ടായിട്ടും എന്തുകൊണ്ട് ചിത്രത്തില്‍ അഭിനയിച്ചില്ല എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘എനിക്ക് പതിനൊട്ടോ പത്തൊന്‍പതോ വയസുള്ളപ്പോഴാണ് ഈ ഓഫര്‍ എനിക്ക് വരുന്നത്. അന്ന് ഞാന്‍ കാനഡയിലെ എന്റെ യൂണിവേഴ്‌സിറ്റി പഠനം ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. എന്തായിരിക്കണം എന്റെ കരിയര്‍ എന്നും എന്തായിരിക്കണം ഞാന്‍ ചെയ്യേണ്ടതെന്നും എന്നതിനെ കുറിച്ച് എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അതിനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. കാരണം എനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട് എന്ന് തോന്നിയിരുന്നു. ഫിലിം മേക്കിങ്ങുമായി ബന്ധപ്പെട്ട് ഞാനൊരു കോഴ്‌സ് ചെയ്തിരുന്നു. അത് ഫിലിം മേക്കിങ്ങിന്റെ എല്ലാ മേഖലകളും തൊട്ടുപോയിരുന്നു.

സിഗ്മ. Photo: District

ആ സമയത്താണ് അല്‍ഫോണ്‍സ് സാറിനെ കുറിച്ച് പറയാന്‍ അച്ഛന്‍ എന്നെ വിളിക്കുന്നത്. അദ്ദേഹം അങ്ങനെയൊരു കാര്യം എന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി. ഭാവിയില്‍ എന്തെങ്കിലും ചെയ്യാനുള്ള മോട്ടിവേഷനായിരുന്നു എനിക്കത്. പക്ഷേ അന്ന് ഒരുപാട് ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍. അതുകൊണ്ട് ആ പ്രൊജക്ട് ചെയ്യാന്‍ സാധിച്ചില്ല,’ ജേസണ്‍ പറഞ്ഞു.

Content Highlight: Jason Sanjay son of Chief Minister vijay talks about the chance he rejected to act in Alphonse puthren directorial

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more