തമിഴകത്തിന്റെ ദളപതി വിജയ് സിനിമാജീവിതത്തോട് വിടപറഞ്ഞത് ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു. അച്ഛന്‍ തിളങ്ങിയ സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുകയാണ് മകന്‍ ജേസണ്‍ സഞ്ജയ്. സംവിധായകനായാണ് ജേസണ്‍ തമിഴകത്ത് തന്നെ അടയാളപ്പെടുത്താന്‍ പോകുന്നത്. ജേസണിന്റെ ആദ്യചിത്രം സിഗ്മ റിലീസിന് തയാറെടുക്കുകയാണ്.
തെലുങ്ക് താരം സന്ദീപ് കിഷനാണ് സിഗ്മയിലെ നായകന്‍. ആക്ഷന്‍, കോമഡി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ മുന്‍നിര നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ജേസണിന്റെ ആദ്യസിനിമയുടെ നിര്‍മാതാക്കള്‍. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. പുതുമുഖ സംവിധായകന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് ജേസണ്‍ ആദ്യ സിനിമ ഒരുക്കുന്നത്.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജേസണ്‍ സഞ്ജയ്. മൂന്ന് വര്‍ഷം മുമ്പാണ് താന്‍ സിഗ്മയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് ജേസണ്‍ പറഞ്ഞു. സന്ദീപിന് മുമ്പ് ദുല്‍ഖര്‍ സല്‍മാനോട് കഥ പറഞ്ഞിരുന്നെന്നും തന്നെപ്പോലൊരു പുതുമുഖത്തിന് ലഭിച്ച വലിയൊരു അവസരമായിരുന്നു അതെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. ഫില്‍ട്ടര്‍ കോപ്പിയോട് സംസാരിക്കുകയായിരുന്നു ജേസണ്‍ സഞ്ജയ്.
‘ഇതിന്റെ ബൗണ്ട് കംപ്ലീറ്റായത് മൂന്ന് വര്‍ഷം മുമ്പായിരുന്നു. അന്ന് ദുല്‍ഖര്‍ സല്‍മാനോട് ഈ കഥ പറയാന്‍ ചാന്‍സ് കിട്ടി. അദ്ദേഹം ചെന്നൈയിലുണ്ടെന്ന് അറിഞ്ഞിട്ട് കോണ്‍ടാക്ട് ചെയ്തു. അങ്ങനെയാണ് ചെന്ന് കഥ പറഞ്ഞത്. ഈ കഥ അദ്ദേഹത്തോട് പറയാന്‍ വേറൊരു കാരണം കൂടിയുണ്ട്. ദുല്‍ഖറിന്റെ സിനിമകള്‍ നോക്കുകയാണെങ്കില്‍ വ്യത്യസ്തമായ ഴോണറുകള്‍ അദ്ദേഹം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
അതുകൊണ്ട് സിഗ്മയും ദുല്‍ഖറിന് ഇഷ്ടമാകുമെന്ന് തോന്നി. രണ്ട് മണിക്കൂര്‍ സമയമെടുത്ത് കഥ നറേറ്റ് ചെയ്തു. ഒരുപാട് ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ ചില സജഷനുകളും നിര്‍ദേശിച്ചു. പക്ഷേ, ഡേറ്റിന്റെ പ്രശ്‌നമുള്ളതുകൊണ്ട് മാത്രം അദ്ദേഹത്തിന് സിഗ്മ ചെയ്യാനായില്ല. എന്നിരുന്നാലും ഇപ്പോഴും ദുല്‍ഖര്‍ എനിക്ക് മെസേജയക്കും, ഇടക്ക് വിഷസ് അറിയിക്കും. ജെന്റില്‍മാനാണ് അദ്ദേഹം,’ ജേസണ്‍ പറയുന്നു.
വലിയ താരനിരയിലും ബജറ്റിലും ഒരുങ്ങുന്ന ചിത്രമാണ് സിഗ്മ. തെലുങ്ക് താരം ഫരിയ അബ്ദുള്ളയാണ് ചിത്രത്തിലെ നായിക. തമന്‍ എസ് ആണ് ചിത്രത്തിന്റെ സംഗീതം. ലൈക്കയുടെ ആദ്യ തമിഴ ചിത്രമായ കത്തിയില്‍ വിജയ്‌യായിരുന്നു നായകനെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൈക്ക നിര്‍മിക്കുന്നത് യാദൃശ്ചികതയാണെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Jason Sanjay saying he narrated the script of Sigma to Dulquer Salmaan