| Saturday, 1st August 2026, 7:28 am

വിജയ്‌യും മകനും അടിയാണ്, മിണ്ടില്ല എന്നൊക്കെ പറഞ്ഞവര്‍ക്ക് തിരിച്ചടി, ഫസ്റ്റ് ഹീറോ അപ്പ തന്നെയാണെന്ന് ജേസണ്‍ സഞ്ജയ്

അമര്‍നാഥ് എം.

സിനിമാലോകത്തോട് വിടപറഞ്ഞ് രാഷ്ട്രീയത്തില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് തമിഴകത്തിന്റെ ദളപതി വിജയ്. എന്നാല്‍ വിജയ് സിനിമയില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ മകന്‍ ജേസണ്‍ സഞ്ജയ് സിനിമാലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. 2009ല്‍ വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ഒരു സീനില്‍ പ്രത്യക്ഷപ്പെട്ട ജേസണ്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.

അച്ഛനെപ്പോലെ നായകനായിട്ടല്ല, ക്യാമറക്ക് പിന്നില്‍ സംവിധായകനായാണ് ജേസണിന്റെ റീ എന്‍ട്രി. തെലുങ്ക് താരം സന്ദീപ് കിഷനെ നായകനാക്കി ഒരുക്കിയ സിഗ്മ റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് മുമ്പ് നടന്ന അഭിമുഖവും ജേസണ്‍ നല്‍കിയ മറുപടികളുമാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

തന്റെ കുടുംബവുമായി വിജയ് അകല്‍ച്ചയിലാണെന്നും മകന്‍ വിജയ്‌യോട് മിണ്ടാറില്ലെന്നുമെല്ലാം ചില തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഊഹാപോഹം പരത്തിയിരുന്നു. അത്തരം അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തിയിരിക്കുകയാണ്. അഭിമുഖത്തിനിടെ ഹോളിവുഡില്‍ ജേസണ്‍ സ്റ്റാതത്തിനൊപ്പം അവസരം ലഭിച്ചാല്‍, തമിഴില്‍ നിന്ന് ഏത് നടനെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ജേസണ്‍ നല്‍കിയ മറുപടി കൈയടി നേടി.

‘ഫസ്റ്റ് ഹീറോ അപ്പാ തന്നെ. അതില്‍ ഒരു മാറ്റവുമില്ല. കാരണം, അത് നല്ലൊരു കോമ്പിനേഷനാണ്. ജേസണ്‍ സ്റ്റാതം, അപ്പാ, ഇവര്‍ രണ്ടുപേരും ഒന്നിക്കുന്ന കോമ്പോ നല്ല രസമായിരിക്കും. ജേസണ്‍ സ്റ്റാതം ഈ വീഡിയോ കാണണമെന്നാണ് എന്റെ ആഗ്രഹം. കുട്ടിക്കാലം മുതലേ ഒരുപാട് സെറ്റുകളില്‍ പോകുമായിരുന്നു. അത് ഒരു പ്രിവിലേജും എക്‌സ്‌പോഷറുമായിരുന്നു.

ബാക്കിയുള്ളവര്‍ സിനിമയെ ഒരു എന്റര്‍ടൈന്മെന്റായി മാത്രം കാണുമ്പോള്‍ എനിക്ക് സിനിമയുടെ മേക്കിങ് ജീവിതത്തിന്റെ ഒരു ഭാഗമായി തോന്നി. സിനിമയെ ഒരു ഹോബിയായി കണ്ടുതുടങ്ങിയത് അവിടം മുതലാണ്. കുട്ടിക്കാലത്ത് എനിക്ക് പൈലറ്റാകണമെന്നായിരുന്നു ആഗ്രഹം. പിന്നീട് ക്രിക്കറ്റിലേക്ക് ശ്രദ്ധ പോയി. ഐ.പി.എല്‍ മാച്ചുകള്‍ അപ്പയുടെ കൂടെ പോയി കണ്ടിട്ടുണ്ട്. പിന്നീടാണ് സിനിമയിലേക്ക് കടക്കാനുള്ള ചിന്ത വന്നത്,’ ജേസണ്‍ പറഞ്ഞു.

തന്റെ ആദ്യ സിനിമയുടെ നിര്‍മാതാക്കള്‍ ലൈക്ക പ്രൊഡക്ഷന്‍സാണെന്നും അവരുടെ ആദ്യ ചിത്രം അച്ഛനെ നായകനാക്കി ഒരുക്കിയ കത്തി ആയിരുന്നെന്നും ജേസണ്‍ പറയുന്നു. ഈയൊരു കാര്യം തന്റെ ജീവിതത്തെ ഒരു സൈക്കിള്‍ പോലെയാക്കിയെന്ന് തോന്നുന്നെന്നും പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവമാണെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡിനോട് സംസാരിക്കുകയായിരുന്നു ജേസണ്‍ സഞ്ജയ്.

Content Highlight: Jason Sanjay’s words about Vijay viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more