വിജയ്‌യുടെ മകന്‍ ജേസണ്‍ സഞ്ജയുടെ സിനിമാപ്രവേശനം എപ്പോഴായിരിക്കുമെന്ന് ആരാധകര്‍ പലപ്പോഴായി താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്കെല്ലാം ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ജേസണ്‍ സിനിമാലോകത്തേക്ക് കടന്നുവരുന്നുണ്ടെന്ന് അറിയിച്ചത്. ക്യാമറക്ക് പിന്നിലാണ് തന്റെ തട്ടകമെന്നും സംവിധായകനായാണ് ജേസണ്‍ സിനിമാലോകത്തേക്ക് വരുന്നതെന്ന വാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചു.
സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. സന്ദീപ് കിഷന്‍ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റും ടീസറും ഈ മാസം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുല്‍ഖറടക്കം പല താരങ്ങളോടും ജേസണ്‍ കഥ പറഞ്ഞിരുന്നു. ദുല്‍ഖറിന് കഥ ഇഷ്ടമായെങ്കിലും മറ്റ് പ്രൊജക്ടുകളുടെ തിരക്ക് കാരണം ഈ ചിത്രം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് ധ്രുവ് വിക്രമിന്റെ പേരായിരുന്നു ഉയര്‍ന്നുകേട്ടത്. ഏറ്റവുമൊടുവില്‍ ഈ പ്രൊജക്ട് സന്ദീപ് കിഷനിലേക്ക് എത്തുകയായിരുന്നു.
വന്‍ ബജറ്റിലാണ് ജേസണ്‍ തന്റെ അരങ്ങേറ്റ ചിത്രം ഒരുക്കുന്നത്. ആക്ഷനും റൊമാന്‍സിനും പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നും വിവരങ്ങളുണ്ട്. താരപുത്രന്മാര്‍ ക്യാമറക്ക് മുന്നില്‍ അരങ്ങുവാഴുന്ന സിനിമാലോകത്ത് ജേസണ്‍ സംവിധായകനായി എത്തുമ്പോള്‍ എല്ലാവരും പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.
ക്യാമറക്ക് പിന്നില്‍ വമ്പന്മാര്‍ തന്നെയാണ് ഈ പ്രൊജക്ടില്‍ അണിനിരക്കുന്നത്. ഈ വര്‍ഷം ബി.ജി.എമ്മുകള്‍ കൊണ്ട് മാസിന്റെ അങ്ങേയറ്റത്തെത്തിച്ച തമനാണ് ചിത്രത്തിന്റെ സംഗീതം. കിഷന്‍ വസന്ത് ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വഴിയേ അറിയിക്കും.
ലൈക്ക പ്രൊഡക്ഷന്‍സ് ഈയൊരു പ്രൊജക്ടോടെ സിനിമാനിര്‍മാണ രംഗത്ത് നിന്ന് പിന്മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി എല്ലാ സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായതിന് പിന്നാലെയാണ് ലൈക്ക ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വിജയ് നായകനായ കത്തിയിലൂടെ നിര്‍മാണ രംഗത്തേക്കെത്തിയ ലൈക്ക അദ്ദേഹത്തിന്റെ മകന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ പിന്മാറുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Jason Sanjay’s first movie teaser will release on this month