സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു തമിഴകത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്നത്. തമിഴിലെ ഏറ്റവുമധികം സ്റ്റാര്‍വാല്യൂവുള്ള അഭിനേതാവായ വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തപ്പോള്‍ നേരംപോക്ക് മാത്രമായിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും ഭൂരിപക്ഷം നേടി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.
വിജയ്, മകന്‍ ജേസണ്‍. Photo: X.com
രാഷ്ട്രീയ വിവാദങ്ങളുടെ ഭാഗമായി വിജയിയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഒട്ടനവധി അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. മകന്‍ ജേസണ്‍ വിജയിയുമായി അകല്‍ച്ചയിലാണെന്നത് അതിലൊന്നായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തുവന്ന ജേസണിന്റെ അഭിമുഖം ഇതിനെയെല്ലാം കാറ്റില്‍ പറത്തിയിരുന്നു. വിജയ് സിനിമയില്‍ നിന്നും പിന്മാറിയപ്പോള്‍ മകന്‍ ജേസണ്‍ സംവിധായകനായി സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.
സുന്ദീപ് കിഷനെ നായകനാക്കി ഒരുക്കിയ സിഗ്മയിലൂടെയായിരുന്നു ജേസന്റെ കന്നി സംവിധായകനായുള്ള സിനിമാ അരങ്ങേറ്റം. വലിയ ഹൈപ്പിലാണ് ചിത്രം എത്തിയതെങ്കിലും ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ സിഗ്മയ്ക്ക് തിയേറ്ററുകളില്‍ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലാതെ പോകുന്ന കാഴ്ചയ്ക്കായിരുന്നു തമിഴ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴുള്ള ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും ചിത്രം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചിപ്പിക്കുന്നത്.
സിഗ്മ. Photo: District
ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് നാല് ദിവസത്തെ പ്രദര്‍ശനം കൊണ്ട് ഇന്ത്യയില്‍ നിന്നും 6.69 കോടി മാത്രമാണ് നേടാനായിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്നും സിഗ്മ 3.36 കോടി നേടിയപ്പോള്‍ തെലുങ്ക് സ്‌റ്റേറ്റ്‌സില്‍ നിന്നും ചിത്രത്തിന് രണ്ടരക്കോടി രൂപയും കര്‍ണാടകയില്‍ നിന്നും 58 ലക്ഷവും കേരളത്തില്‍ നിന്നും 21 ലക്ഷവും മാത്രമാണ് കളക്ഷനായി ലഭിച്ചിട്ടുള്ളത്. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനും ചേരുമ്പോള്‍ പോലും പത്ത് കോടിയെന്ന മാര്‍ക്ക് പിന്നിടാന്‍ സിഗ്മക്ക് സാധിച്ചിട്ടില്ല. ഇതോടെ വിജയിയുടെ മകന്റെ ആദ്യ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാത്ത വിഷമത്തിലാണ് താരത്തിന്റെ ആരാധകര്‍.
Content Highlight: Jason Sanjay’s debut directorial sigma’s 4 day box office collection report