തമിഴ് സിനിമയിലെ സൂപ്പർതാരവും മലയാളികൾക് ഏറെ പ്രിയങ്കരനുമായ നടനാണ് വിജയ്. താരത്തിന്റെ സിനിമകളും ഗാനങ്ങളും കേരളത്തിലും വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയുടെ റിലീസിനായി കേരളത്തിലെത്തിയ സന്തോഷം പങ്കുവെക്കുകയാണ് നടൻ വിജയിയുടെ മകനായ സംവിധായകൻ ജേസൺ സഞ്ജയ്. കേരളവുമായി തനിക്ക് നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും ഇവിടെ ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും പറഞ്ഞ ജേസൺ, ആദ്യ സിനിമ കേരളത്തിൽ റിലീസ് ചെയ്യുന്നത് തനിക്ക് ഏറെ സ്പെഷ്യലാണെന്നും പറഞ്ഞു.
‘കേരളത്തിൽ ഞാൻ ഒരുപാട് തവണ വന്നിട്ടുണ്ട്. കേരളത്തിൽ എനിക്ക് ഒരുപാട് ഫ്രണ്ട്സുണ്ട്. ഇന്ന് ഞാൻ എന്റെ ആദ്യ പടത്തിന്റെ റിലീസിനായിട്ടാണ് ഇവിടെ വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് ഭയങ്കര സ്പെഷ്യലാണ്. ഞാൻ എന്റെ മാക്സിമം എഫർട്ട് ഇതിനുവേണ്ടി ഇട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും സപ്പോർട്ട് ചെയ്യണം,’ ജേസൺ സഞ്ജയ് പറഞ്ഞു.
ജേസൺ സഞ്ജയ്. Photo. Screen Grab/ Youtube
തന്റെ ആദ്യ സിനിമ ഒരു അഡ്വഞ്ചർ ചിത്രമാണെന്നും എല്ലാ പ്രേക്ഷകർക്കും സിനിമ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ജേസൺ പറഞ്ഞു. മലയാള സിനിമയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ മലയാളം ഇൻഡസ്ട്രിയുടെ വലിയൊരു ഫാനാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നുള്ള സിനിമയുടെ റിവ്യൂസിനായി ഞാൻ കാത്തിരിക്കുകയാണ്. എന്റെ ഫസ്റ്റ് പടം എടുത്ത് ഇവിടെ റിലീസിന് എടുത്തതിന് കൃഷ്ണമൂർത്തി സാറിനും ഗോകുലം ഗോപാലൻ സാറിനും നന്ദി പറയുന്നു. തമിഴ് സിനിമയിലൂടെ ഡയറക്ഷൻ രംഗത്തേക്ക് എത്തിയതിൽ എനിക്ക് വളരെ അധികം പ്രൗഢിയുണ്ട്,’ ജേസൺ പറഞ്ഞു.
മലയാള സിനിമയിലെ നിരവധി താരങ്ങളോടുള്ള തന്റെ ഇഷ്ടവും ജേസൺ തുറന്നുപറഞ്ഞു. ദുൽഖർ സൽമാനോടുള്ള ഇഷ്ടം നേരത്തെയും പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ നസ്‌ലെനും തനിക്ക് ഏറെ ഇഷ്ടപെട്ട നടനാണെന്നും അദ്ദേഹം പറഞ്ഞു.
‘മലയാള സിനിമയിൽ ഒരുപാട് ആളുകളെ എനിക്ക് ഇഷ്ടമാണ്. ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട്, എനിക്ക് ദുൽഖർ സൽമാനെ ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ പിന്നെ നസ്‌ലെൻ ബ്രോയെ എനിക്ക് ഇഷ്ടമാണ്. മമ്മൂക്കയും ലാലേട്ടനും എനിക്ക് എല്ലാവരെയും ഇഷ്ട്ടമാണ്,’ ജേസൺ സഞ്ജയ് പറഞ്ഞു.
മലയാള സിനിമകൾ സ്ഥിരമായി കാണാറുണ്ടെന്നും അടുത്തിടെ കണ്ട ‘മോളിവുഡ് ടൈംസ്’ ഏറെ ഇഷ്ടപ്പെട്ടെന്നും ജേസൺ പറഞ്ഞു. സിനിമാ പശ്ചാത്തലത്തിൽ നടക്കുന്ന കഥയായതിനാലാണ് ചിത്രത്തോട് പ്രത്യേക താത്പര്യം തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘മോളിവുഡ് ടൈംസ്’ ആണ് അടുത്തിടെ ഞാൻ കണ്ട ഒരു പടം. ഒരു ഫിലിം ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന സിനിമയായതുകൊണ്ടുതന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പടമാണ്. അത് ഭയങ്കര റിയലിസ്റ്റിക് ആയി തോന്നി. അതുകൊണ്ടുതന്നെ ഞാൻ നിറയെ മലയാള പടങ്ങൾ കാണാറുണ്ട്,’ ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു.
സിഗ്മ,ജേസൺ സഞ്ജയ്. Photo. IMDb. Screen Grab/ Youtube
സഞ്ജയ് വിജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രമാണ് സിഗ്മ. സുന്ദീപ് കിഷനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരനാണ് നിർമ്മാണം. ഫരിയ അബ്ദുള്ള, രാജു സുന്ദരം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിലെത്തും.
Content Highlight: Jason Sanjay opens up about his love for Malayalam cinema during the promotion of his upcoming film ‘Sigma’