ദളപതി സിനിമയില്‍ നിന്ന് പിന്മാറയപ്പോള്‍ ഇളയ ദളപതി സിനിമാലോകത്തേക്ക് കാലെടുത്തു വെച്ചെന്നാണ് വിജയ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് കടന്ന് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് ചരിത്രമെഴുതിയപ്പോള്‍ സംവിധായകനായി സിനിമയില്‍ തന്റെ വരവറിയിക്കുകയാണ് മകന്‍ ജേസണ്‍ സഞ്ജയ്. സിഗ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസിന് തയാറെടുത്തിരിക്കുകയാണ്.
വിജയ് തെരഞ്ഞെടുപ്പിന് നിന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ പറഞ്ഞു പരത്തിയിരുന്നു. മകന്‍ വിജയ്‌യുമായി അകല്‍ച്ചയിലാണെന്നത് അതിലൊന്നായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന ജേസന്റെ അഭിമുഖം ഇത്തരം അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തി. വിജയ്‌യെക്കുറിച്ച് വാതോരാതെ സംസാരിച്ച ജേസണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.
വിജയ് മുഖ്യമന്ത്രിയായതിനെക്കുറിച്ച് സംസാരിക്കുകയാണ് ജേസണ്‍ സഞ്ജയ്. വിജയ്‌യുടെ വിജയം രാഷ്ട്രീയലോകത്ത് വലിയ വിപ്ലവമാണെന്ന് ജേസണ്‍ പറഞ്ഞു. ചരിത്രമെഴുതിയ വിജയമാണ് ഇതെന്നും എന്നാല്‍ ഇത് തനിക്കും കുടുംബത്തിനും നല്‍കുന്ന ഉത്തരവാദിത്തം വലുതാണെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ജേസണ്‍.
‘അപ്പയുടെ വിജയം വലിയൊരു ചരിത്രമാണ്. അദ്ദേഹം സ്വന്തമായൊരു വഴിയാണ് തെളിച്ചുവെച്ചത്. അപ്പയുടെ വിജയം എന്റെയും സഹേദരിയുടെയും ഉത്തരവാദിത്തം കൂട്ടിയിരിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും എന്ത് ചെയ്യുമ്പോഴും നല്ല ശ്രദ്ധ നല്‍കണം. കാരണം, ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന തെറ്റ് അപ്പയെയും ബാധിക്കും.
സിനിമയിലേക്ക് ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രോത്സാഹനം തന്നു എന്നതല്ലാതെ വേറെ ഒന്നും അപ്പ ചെയ്തില്ല. എനിക്ക് എന്റേതായ ഒരു വ്യക്തിത്വം വേണമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. എന്ത് സഹായം വേണമെങ്കിലും ചോദിക്കാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് ഞാനായിട്ട് ചോദിക്കണമെന്ന കണ്ടീഷന്‍ മാത്രമേ വെച്ചിട്ടുള്ളൂ,’ ജേസണ്‍ സഞ്ജയ് പറയുന്നു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിഗ്മ ഒരുങ്ങുന്നത്. ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു. വന്‍ ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രം ജൂലൈ 30ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. ജന നായകന്റെ റിലീസ് കാരണം സിഗ്മ മാറ്റിവെക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.
Content Highlight: Jason Sanjay about the advice he got from Vijay