അന്താരാഷ്ട്ര ടി-20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരമായി ജേസണ്‍ ഹോള്‍ഡര്‍. പാകിസ്ഥാന്‍ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഹോള്‍ഡര്‍ ഈ റെക്കോഡിലെത്തിയത്. മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ഹോള്‍ഡര്‍ ഡ്വെയ്ന്‍ ബ്രാവോയെ മറികടന്നുകൊണ്ടാണ് കുട്ടിക്രിക്കറ്റിലെ ഏറ്റവും മികച്ച കിരീബിയന്‍ വിക്കറ്റ് വേട്ടക്കാരനായി മാറിയത്.
71 ഇന്നിങ്‌സില്‍ നിന്നും 81 വിക്കറ്റുകളാണ് അന്താരാഷ്ട്ര ടി-20യില്‍ ഹോള്‍ഡറിന്റെ സമ്പാദ്യം. 28.25 ശരാശരിയിലും 19.45 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന താരം മൂന്ന് ഫോര്‍ഫറും അഞ്ച് ഫൈഫറുകളും സ്വന്തമാക്കിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനായി ടി-20യില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഏഴ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഹോള്‍ഡര്‍. 2022ല്‍ ബ്രിഡ്ജ്ടൗണില്‍ഡ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഹോള്‍ഡറിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 2.5 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ജേസണ്‍ ഹോള്‍ഡര്‍ – 71 – 81
ഡ്വെയ്ന്‍ ബ്രാവോ – 77 – 78
അകീല്‍ ഹൊസൈന്‍ – 73 – 72
റൊമാരിയോ ഷെപ്പേര്‍ഡ് – 58 – 64
അല്‍സാരി ജോസഫ് – 44 – 62
അതേസമയം, വിന്‍ഡീസിനെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി. 23 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ ഹസന്‍ നവാസും 33 പന്തില്‍ 38 റണ്‍സ് നേടിയ സല്‍മാന്‍ അലി ആഘയുമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഇവര്‍ക്ക് പുറമെ 19 പന്തില്‍ 20 റണ്‍സ് നേടിയ ഫഖര്‍ സമാനൊഴികെ മറ്റെല്ലാവരും ഒറ്റയക്കത്തിനാണ് മടങ്ങിയത്.
ഫോര്‍ഫര്‍ നേടിയ ഹോള്‍ഡറിന് പുറമെ ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റുമായി തിളങ്ങി. അകീല്‍ ഹൊസൈന്‍, ഷമര്‍ ജോസഫ്. റോസ്റ്റണ്‍ ചെയ്‌സ് എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനും കാര്യങ്ങള്‍ പന്തിയായിരുന്നില്ല. ഇന്നിങ്‌സിലെ ഏഴാം പന്ത് മുതല്‍ വിക്കറ്റ് വീണുതുടങ്ങിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാന്‍ മത്സരം കൈവിടാതെ കാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 28 റണ്‍സ് നേടിയ ഗുഡാകേഷ് മോട്ടി, 21 റണ്‍സടിച്ച ക്യാപ്റ്റന്‍ ഷായ് ഹോപ്പ് എന്നിവരാണ് ചെറുത്തുനിന്നത്.
19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് റണ്‍സാണ് വിന്‍ഡീസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 20ാം ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ വഴങ്ങിയ ഷഹീന്‍ ഷാ അഫ്രിദി രണ്ടാം പന്തില്‍ റൊമൊരിയോ ഷെപ്പേര്‍ഡിനെ പുറത്താക്കി.
അടുത്ത മൂന്ന് പന്തിലും മൂന്ന് സിംഗിളുകള്‍ വീതം പിറന്നു. അവസാന പന്ത് വൈഡ് ആയതോടെ ഒരു പന്തില്‍ മൂന്ന് റണ്‍സ് എന്ന നിലയിലേക്ക് വിന്‍ഡീസിന്റെ വിജയലക്ഷ്യം മാറി. എന്നാല്‍ അവസാന പന്തില്‍ ഫോറടിച്ച് ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു.
View this post on Instagram
നാളെയാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
Content Highlight: Jason Holder overtakes Dwayne Bravo to become West Indies’ highest wicket-taker in T20Is