കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുകയായിരുന്ന നഴ്‌സുമാര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ.
ആരോ ഒരാള്‍ കൂകിയപ്പോള്‍ അതേറ്റ് പിടിക്കുകയായിരുന്നു സമര പന്തലിലുള്ളവരെന്നും പിന്നീട് ഇക്കാര്യം വാര്‍ത്തയായി മാറുകയായിരുന്നുവെന്നും ഫേസ്ബുക്കിലൂടെ ജാസ്മിന്‍ ഷാ പ്രതികരിച്ചു.
സംഘടനയില്‍പ്പെട്ടയാളല്ല കൂവിയത്. ആരോ കൂവിയത് സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു അക്കാര്യം മാധ്യമങ്ങളോട് താന്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായ വൈഷമ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ മന്ത്രിയോട് ക്ഷമ ചോദിക്കുകയാണെന്നും ജാസ്മിന്‍ ഷാ വിശദീകരിച്ചു.
സൈബര്‍ പോരാളികളായ ചിലര്‍ മാനേജ്‌മെന്റുകളേക്കാള്‍ ശക്തമായ രീതിയില്‍ തനിക്കെതിരെയും, യു.എന്‍.എക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നത് സംഘടനാ അംഗങ്ങള്‍ക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ആ പാര്‍ട്ടിക്കെതിരായി ഉണ്ടാക്കുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവര്‍ത്തകര്‍ക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരില്‍ ആ പാര്‍ട്ടിയിലെ നേതാക്കളോടുള്ള എതിര്‍പ്പായി മാറുന്നുണ്ടെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ വിശദീകരിച്ചു.
ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയ മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, നിങ്ങള്‍ ആ കൂകി വിളിക്ക് അര്‍ഹനല്ല. ഇന്ന് ഞങ്ങളുടെ സമരം നടക്കുന്ന കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലൂടെ താങ്ങളുടെ യാത്ര കടന്നു പോകുമ്പോള്‍ സമരപന്തലിലെ എന്റെ സഹപ്രവര്‍ത്തകര്‍ താങ്ങളെ കൂകി വിളിച്ച വാര്‍ത്ത ചില ചാനലുകളിലൂടെ ഞാന്‍ കണ്ടു. തീര്‍ത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്.ഈ വിഷയത്തെ കുറിച്ച് ഞാന്‍ ഓരോ സമര ഭടന്മാരോടും ഞാന്‍ അന്യോഷിച്ചപ്പോള്‍ ആരോ കൂകി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലര്‍ അത് വലിയ വാര്‍ത്തയാക്കി.
തിരുവനന്തപുരത്ത് മാര്‍ച്ച് 4 ന് നടക്കാന്‍ പ്ലാന്‍ ചെയ്തിരുന്ന നഴ്‌സുമാരുടെ കണ്‍വെന്‍ഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പണ്‍ ഓഡിറ്റോറിയം അനുവദിച്ചിരുന്നു. എന്നാല്‍ സമരത്തിന്റെ തലേ ദിവസം ടൂറിസം വകുപ്പ് ഞങ്ങള്‍ക്ക് അനുമതി നിഷേധിച്ചു. എന്നാല്‍ നിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിന്റെയും ഇടപെടല്‍ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ അറിയിച്ചിരുന്നു.ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തില്‍ രൂക്ഷമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങള്‍ ഒന്നും അറിയാത്തവരായിരുന്നു പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.
സൈബര്‍ പോരാളികളായ ചിലര്‍ മാനേജ്‌മെന്റുകളേക്കാള്‍ ശക്തമായ രീതിയില്‍ എനിക്കെതിരെയും, യു.എന്‍.എക്കെതിരെയും ആക്രമണങ്ങള്‍ നടത്തുന്നത് സംഘടനാ അംഗങ്ങള്‍ക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ആ പാര്‍ട്ടിക്കെതിരായി ഉണ്ടാകുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവര്‍ത്തകര്‍ക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരില്‍ ആ പാര്‍ട്ടിയിലെ നേതാക്കളോടുള്ള എതിര്‍പ്പായി മാറുന്നുണ്ട്.
ഇത്തരം കാര്യങ്ങള്‍ ഉണ്ടായ സമയത്താണ് മന്ത്രി റിയാസിന്റ യാത്ര അത് വഴി കടന്നു പോവുകയും അരോ ഒരാള്‍ (സംഘടനക്ക് ഉള്ളിലുളള ആളല്ല) കൂവുകയും അത് ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഏറ്റു കൂവുകയും മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തത്.
ഞാന്‍ കോഴിക്കോട് എത്തിയ സമയത്ത് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിക്കുകയും സംഘടനാ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്റെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും അങ്ങേക്ക് ഉണ്ടായ വൈഷമ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്യം ഞാന്‍ ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നു.
Content Highlight: You don’t deserve that call; Jasmine Shah apologizes to Minister PA Muhammed Riyas for the actions of her colleagues