| Monday, 3rd February 2014, 3:50 pm

ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ ജസീറയുടെ സമരം: പണം നല്‍കാമെന്ന് ചിറ്റിലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: മണല്‍ മാഫിയയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ കണ്ണൂര്‍ സ്വദേശിനി ജസീറ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വസതിയ്ക്ക് മുന്നില്‍ സമരം നടത്തുന്നു.

തനിക്ക് നല്‍കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപ നല്‍കുകയോ അല്ലെങ്കില്‍ വാഗ്ദാനം പിന്‍വലിയ്ക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജസീറ ചിറ്റിലപ്പള്ളിയുടെ വസതിയ്ക്കു മുന്നില്‍ സമരം നടത്തുന്നത്.

അതേ സമയം ജസീറയ്ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ താന്‍ തയ്യാറാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചു.

ജസീറയുടെ മക്കളുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിയ്ക്കാന്‍ തയ്യാറാണെന്ന് ചിറ്റിലപ്പള്ളി മുമ്പും അറിയിച്ചിരുന്നു. എന്നാല്‍ തന്റെ മക്കളുടെ മേല്‍ ചിറ്റിലപ്പള്ളിയ്ക്ക് യാതൊരവകാശവുമില്ലെന്നും തന്റെ സമരത്തിന് വേണ്ടി പണം നല്‍കുകയാണെങ്കില്‍ നല്‍കിയാല്‍ മതിയെന്നും ജസീറ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്ത് എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നേതാക്കളോട് തട്ടിക്കയറിയ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നറിയിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം ചെയ്ത ജസീറയ്ക്കും ധനസഹായം നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ മാത്രമേ പണം നല്‍കൂവെന്ന് പിന്നീട് ചിറ്റിലപ്പള്ളി അറിയിക്കുകയായിരുന്നു.

ദല്‍ഹിയില്‍ സമരത്തിലായിരുന്നതിനാല്‍ ജസീറയ്ക്ക് സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് ചിറ്റിലപ്പള്ളിയുടെ വസതിയ്ക്കു മുന്നില്‍ സമരം ചെയ്യാന്‍ ജസീറ തീരുമാനിച്ചത്. ചിറ്റിലപ്പള്ളി തന്റെ പേര് പരസ്യത്തിനായി ഉപയോഗിച്ചു എന്നും ജസീറ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more