| Thursday, 17th September 2026, 3:56 pm

ഗിരീഷേട്ടന്റെ ഷൂട്ടിങ് സെറ്റ് നമ്മുടെ സ്കൂളിലെ ലാസ്റ്റ് പീരീഡ് പോലെയായിരുന്നു: ജാസർ ക്ലിക്‌സ്

നന്ദന. ടി

നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിൽ പുതിയ ബോക്‌സ് ഓഫീസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.

ആഗോളതലത്തിൽ 305 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം, 2025-ൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1: ചന്ദ്ര നേടിയ 302.65 കോടിയുടെ ആഗോള കളക്ഷൻ മറികടന്ന് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറി. ഇതോടെ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള ചിത്രമായും ഇത് മാറി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ബെത്‌ലഹേം കുടുംബ യൂണിറ്റ് വിജയകരമായി പ്രദർശനം തുടരുകയാണ്.

പ്രധാന കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സിനിമയിലെത്തുന്ന സഹകഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും നൽകുന്നു എന്നതാണ് ഗിരീഷ് എ.ഡി. സിനിമകളുടെ പ്രത്യേകത. ഇതിനെ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ബെത്‌ലഹേമിൽ നിവിൻ പോളിക്കും മമിത ബൈജുവിനും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ, ശ്രീന്ദ തുടങ്ങിയവരുടെ പ്രകടനങ്ങൾ.

ജാസർ ക്ലിക്‌സ്. Photo. Screen Grab/ Youtube

ഇവർക്കൊപ്പം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ദേവദത്ത് എന്ന കഥാപാത്രം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസർ ക്ലിക്‌സ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സെറ്റിലെത്തിയപ്പോൾ തനിക്ക് ഒട്ടും അപരിചിതത്വം തോന്നിയിരുന്നില്ലെന്ന് പറയുകയാണ് ജാസർ. നേരത്തെ പരിചയമുള്ള താരങ്ങൾക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതും സെറ്റിലെ സൗഹൃദാന്തരീക്ഷവുമാണ് അതിന് കാരണമെന്നും താരം പറയുന്നു.

‘ബെത്‌ലഹേമിന്റെ സെറ്റിൽ എത്തിയപ്പോൾ നമ്മൾ കാണാൻ ആഗ്രഹിച്ച കുറെ ആക്ടേഴ്സ് അവിടെ ഉണ്ടായിരുന്നു. സിനിമയിലെ സംഗീത് പ്രതാപിനെയും റോഷനെയും ഒക്കെ എനിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ച് പരിചയമുണ്ട്.

പിന്നെ വിനയ് ഫോർട്ട് ചേട്ടനെ ഞങ്ങൾ ഒരുമിച്ച് അദ്ദേഹത്തിന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായതിലൂടെ അറിയാം. അതുകൊണ്ടുതന്നെ ഒരു പുതിയ സ്ഥലത്ത് പോകുന്ന ഫീൽ ഒന്നും എനിക്കില്ലായിരുന്നു. നമുക്ക് സീൻ ഒന്നും ഇല്ലെങ്കിലും സെറ്റിൽ ഇരുന്ന് ബോറടിക്കുകയുമില്ല,’ ജാസർ പറഞ്ഞു.

‘ബെത്‌ലഹേം കുടുംബയൂണിറ്റി’ൽ ശ്യാം മോഹനും ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയത് ഷൂട്ടിൽ ശ്യാമിനെ കണ്ടപ്പോഴായിരുന്നു എന്ന് ജാസർ ഓർത്തെടുക്കുന്നു.

‘ഞാനും ശ്യാം ചേട്ടനുമുള്ള കോമ്പോയ്ക്ക് നല്ല പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പുള്ളിക്കാരന് അദ്ദേഹത്തിന്റെ പണി നന്നായിട്ടറിയാം. പുള്ളി ചാക്യാർകൂത്ത് വേദിയിൽ അമ്പലപ്പറമ്പിൽ നിൽക്കുമ്പോൾ ഇൻട്രൊഡ്യൂസ് ചെയ്യുന്നതായിരുന്നു എന്റെ ആദ്യത്തെ ഷോട്ട്. ആ സമയത്ത് സ്റ്റേജിൽ കാണുമ്പോഴാണ് ഇത് പുള്ളിയല്ലേ എന്ന് മനസിലായത്.

പുള്ളി സിനിമയിൽ ചാക്യാർകൂത്ത് കലാകാരനാണെന്നൊന്നും എനിക്കറിയില്ലായിരുന്നു, പക്ഷേ പടത്തിലുണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ പുള്ളിക്കാരൻ സ്റ്റേജിൽ നിന്ന് കൈ കാണിച്ചപ്പോഴാണ് എനിക്കും മനസിലായത്,’ ജാസർ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. ബെത്‌ലഹേം കുടുംബ യൂണിറ്റ്. District

ബെത്‌ലഹേം കുടുംബയൂണിറ്റിന്റെ ഷൂട്ടിംഗ് സെറ്റ് തനിക്ക് സ്കൂളിലെ ലാസ്റ്റ് പീരീഡ് പോലെയായിരുന്നു എന്നും, പേടിയില്ലാതെ അഭിനയിക്കാനുള്ള സ്വാതന്ത്ര്യം ഗിരീഷ് എ. ഡി. നൽകിയിരുന്നു എന്നും താരം പറഞ്ഞു.

‘ഗിരീഷേട്ടന്റെ ഷൂട്ടിങ് സെറ്റ് എന്ന് പറയുന്നത് നമ്മുടെ സ്കൂളിലെ ലാസ്റ്റ് പീരീഡ് ഒക്കെ പോലെയായിരുന്നു. നമുക്ക് ഇഷ്ടമുള്ള കുറെ ആളുകൾ, എല്ലാവരുടെയും കഴിവുകൾ കാണിക്കാനുള്ള ഒരു സ്പേസുമൊക്കെ ഗിരീഷേട്ടൻ തന്നിരുന്നു.

നമുക്ക് പേടിയില്ലാതെ അഭിനയിക്കാൻ പറ്റി. പുള്ളി ഭയങ്കര കൂളായിരുന്നു. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നു,’ ജാസർ ക്ലിക്സ് പറഞ്ഞു.

Content Highlight: Jasar Clicks recalls the friendly and relaxed atmosphere on the Bethlehem Kudumba Unit set comparing it to the last period at school

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more