നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് മലയാള സിനിമയിൽ പുതിയ ബോക്‌സ് ഓഫീസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ 305 കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം, 2025-ൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1: ചന്ദ്ര നേടിയ 302.65 കോടിയുടെ ആഗോള കളക്ഷൻ മറികടന്ന് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറി.
ഇതോടെ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള ചിത്രമായും ഇത് മാറി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ബെത്‌ലഹേം കുടുംബ യൂണിറ്റ് വിജയകരമായി പ്രദർശനം തുടരുകയാണ്.
ജാസർ ക്ലിക്‌സ്. നിവിൻ പോളി. Photo. Screen Grab/ Youtube/ Instagram
പ്രധാന കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, സിനിമയിലെത്തുന്ന സഹകഥാപാത്രങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യവും സ്‌ക്രീൻ സ്‌പേസും നൽകുന്നു എന്നതാണ് ഗിരീഷ് എ.ഡി. സിനിമകളുടെ പ്രത്യേകത. ഇതിനെ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ബെത്‌ലഹേമിൽ നിവിൻ പോളിക്കും മമിത ബൈജുവിനും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ, ശ്രീന്ദ തുടങ്ങിയവരുടെ പ്രകടനങ്ങൾ.
ഇവർക്കൊപ്പം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ദേവദത്ത് എന്ന കഥാപാത്രം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ജാസർ ക്ലിക്‌സ് അവതരിപ്പിച്ച ഈ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
ടിക്‌ടോക്കിലൂടെയാണ് താൻ അഭിനയരംഗത്തേക്ക് എത്തുന്നതെന്നും പിന്നീട് പെർഫോമൻസ് വീഡിയോകൾ ചെയ്യാൻ തുടങ്ങിയതിനെക്കുറിച്ചും ജാസർ ക്ലിക്സ് പറയുന്നു. കൊറോണക്കാലത്ത് ഓഡിഷനുകൾ നിർത്തിവെച്ചതോടെയാണ് അവസരങ്ങൾ തേടുന്നതിനായി പെർഫോമൻസ് വീഡിയോകൾ ചെയ്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതെന്നും ജാസർ പറയുന്നു.
‘പണ്ട് ടിക്‌ടോക് ഒക്കെ ചെയ്താണ് ഞാൻ തുടങ്ങിയിട്ടുണ്ടായിരുന്നത്. ആ സമയത്ത് ഞാൻ ഓഡിഷനൊക്കെ പോകുമായിരുന്നു. പക്ഷെ കൊറോണ വന്നപ്പോൾ ഓഡിഷൻ നിന്ന സമയത്ത്, അഭിനയിക്കാൻ അവസരങ്ങൾ ചോദിക്കുമ്പോൾ പെർഫോമൻസ് വീഡിയോ വേണമെന്ന് പറഞ്ഞു. അതിനുവേണ്ടി കുറച്ച് വീഡിയോസ് എടുത്തു. അപ്പോൾ അത് എവിടെയെങ്കിലുമൊക്കെ ഇടണം എന്ന് വിചാരിച്ചാണ് യൂട്യൂബിൽ ഇടുന്നത്. പിന്നെ അത് റീച്ചായി,’ ജാസർ ക്ലിക്സ് പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഷൂട്ടിങ് സെറ്റ് തനിക്ക് സ്കൂളിലെ ലാസ്റ്റ് പീരിയഡ് പോലെയായിരുനെന്നും, പേടിയില്ലാതെ അഭിനയിക്കാനും സ്വന്തം സജഷനുകൾ പറയാനുമൊക്കെ ഉള്ള സ്വാതന്ത്ര്യം സംവിധായകൻ ഗിരീഷ് എ. ഡി നൽകിയിരുന്നു എന്നും താരം പറഞ്ഞു.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMBDb
‘ഗിരീഷേട്ടന്റെ ഷൂട്ടിങ് സെറ്റ് എന്ന് പറയുന്നത് നമ്മുടെ സ്കൂളിലെ ലാസ്റ്റ് പീരിയഡ് ഒക്കെ പോലെയായിരുന്നു. നമുക്ക് ഇഷ്ടമുള്ള കുറേ ആളുകൾ, എല്ലാവരുടെയും കഴിവുകൾ കാണിക്കാനുള്ള ഒരു സ്പേസുമൊക്കെ ഗിരീഷേട്ടൻ തന്നിരുന്നു. നമുക്ക് പേടിയില്ലാതെ അഭിനയിക്കാൻ പറ്റി.
പുള്ളി ഭയങ്കര കൂൾ ആയിരുന്നു. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നു. നമ്മുടെ സജഷൻസ് പോലും ചേട്ടനോട് പോയി പറയാൻ പറ്റും. ‘ചെറുപ്പുളശ്ശേരി സോമനാഥൻ’ ഡയലോഗ് പറയുന്ന സീനൊക്കെ അങ്ങനെ ഇംപ്രാവൈസ് ചെയ്ത സീനായിരുന്നു. പുള്ളി അതിലൊരു ചെറിയ കറക്ഷൻ തന്നിട്ട് അങ്ങനെ ചെയ്തതാണ്,’ ജാസർ കൂട്ടിച്ചേർത്തു.