ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച ജന്തര്‍ മന്തര്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ രണ്ടാം സീസണ്‍ ഉടനുണ്ടാവുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ദല്‍ഹിയില്‍ സി.ജെ.പി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഗ്രാമീണ സ്‌കൂളുകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായുള്ള പ്രചാരണ പരിപാടി സി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജന്തര്‍ മന്തര്‍ സീസണ്‍ ടു ഉടനുണ്ടാവുമെന്ന് അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചത്.
‘ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന്റെ രണ്ടാം സീസണ്‍ എപ്പോള്‍ വരുമെന്നാണ് എല്ലാവരും ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്യുന്നത്. അവരോട് ഞാന്‍ പറയുന്നു ജന്തര്‍ മന്തറിന്റെ രണ്ടാം സീസണ്‍ വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന്,’ ദീപ്‌കെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദാരിദ്ര്യം കാരണം സ്വാതന്ത്ര്യ ദിനത്തില്‍ കുട്ടികള്‍ക്ക് ട്രാഫിക് സിഗ്‌നലുകളില്‍ ത്രിവര്‍ണ പതാക വില്‍ക്കേണ്ടി വരുന്ന ഇന്ത്യക്ക് പകരം കുട്ടികള്‍ സ്‌കൂളില്‍ ത്രിവര്‍ണ പതാകയും കൊണ്ട് പോകുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നും ദീപ്‌കെ പറഞ്ഞു. ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികളും ഇന്ത്യയുടെ ഭാവിയാണെന്നും ദീപ്‌കെ വ്യക്തമാക്കി. സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് രാങ്ക തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ജന്തര്‍ മന്തര്‍ സീസണ്‍ ടു എന്നത് ദല്‍ഹി ജന്തര്‍ മന്തറില്‍ മാത്രമായി നടക്കുന്ന പ്രതിഷേധമായിരിക്കില്ലെന്ന് സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നതിനുള്ള ലിസണിങ് ടൂര്‍ സി.ജെ.പി ആരംഭിക്കാന്‍ പോവുകയാണ്. തങ്ങള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു പ്രചാരണ പരിപാടി ആരംഭിക്കുന്നുണ്ടെന്നും അതില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. സി.ജെ.പിയെ സംബന്ധിച്ച് ഞങ്ങളിപ്പോള്‍ ജനങ്ങള്‍ എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ രാജ്യവ്യാപകമായി ലിസണിങ് ടൂര്‍ തുടങ്ങാന്‍ പോവുകയാണ്. ഞങ്ങള്‍ ഒരു പുതിയ പ്രചാരണ പരിപാടി നടത്തും. അതില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. സ്വാതന്ത്ര്യ ദിനത്തിലാണ് അത് ആരംഭിക്കുക,’ സൗരവ് ദാസ് പറഞ്ഞു.
നേരത്തെ സ്‌കൂള്‍ ഠീക്ക് കരോ (സ്‌കൂളുകള്‍ ശരിയാക്കൂ) എന്ന ഒരു ക്യാമ്പയിന്‍ സി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഈ ക്യാമ്പയിനെക്കുറിച്ചാണ് സൗരവ് ദാസ് പറഞ്ഞത്. സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് (ഓഗസ്റ്റ് 12, ബുധന്‍) സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സ്‌കൂള്‍ ഠീക്ക് കരോ ക്യാമ്പയിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ സ്വാതന്ത്ര്യദിനത്തില്‍, ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനായി സി.ജെപി ‘സ്‌കൂള്‍ ഠീക് കരോ’ കാമ്പെയ്ന്‍ ആരംഭിക്കുകയാണെന്ന് പോസ്റ്റില്‍ ദീപ്‌കെ വ്യക്തമാക്കി.
‘സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷങ്ങള്‍ക്ക് ശേഷവും ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അപേക്ഷിക്കേണ്ട അവസ്ഥ വരരുത്. ഒരു രാജ്യം എന്ന നിലയില്‍, ഗ്രാമങ്ങളിലെ കുട്ടികളെ നമ്മള്‍ ഏറ്റവും മോശമായ രീതിയില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനായി സി.ജെ.പിയുടെ ‘സ്‌കൂള്‍ ഠീക് കരോ’ കാമ്പെയ്ന്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ ആരംഭിക്കും,’ ദീപ്‌കെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
രാജ്യത്തെ ഗ്രാമീണ സ്‌കൂളുകളുടെ ശോച്യാവസ്ഥകളെക്കുറിച്ചുള്ള രണ്ട് പോസ്റ്റുകളും ദീപ്‌കെ ഇന്ന് എക്‌സില്‍ പങ്കുവച്ചിരുന്നു. യു.പിയിലെ ഹാമിപൂരില്‍ സ്‌കൂളിലേക്ക് മതിയായ റോഡ് സൗകര്യമില്ലാത്തതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കലക്ട്രേറ്റ് ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ച സംഭവത്തെക്കുറിച്ചുള്ളതാണ് ഇതില്‍ ഒരു പോസ്റ്റ്. ഈ പ്രതിഷേധം പ്രചോദനം നല്‍കുന്നതാണെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലക്ടറേറ്റ് ഉപരോധത്തെക്കുറിച്ച് ദീപ്‌കെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
മഹാരാഷ്ട്രയിലെ സോളാപൂരില്‍ സ്‌കൂള്‍ സ്ലാബ് തകര്‍ന്ന് 13 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന്റെ വാര്‍ത്തയും ദീപ്‌കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ദരിദ്രരായ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുടെ അവസ്ഥയാണിതെന്നും രാഷ്ട്രീയക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും ദീപ്‌കെ ഈ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ഈ കുട്ടികളുടെ ജീവന് രാഷ്ട്രീയക്കാരുടെ കുട്ടികളുടെ ജീവന്റെ അത്ര വിലയില്ലേ എന്നും ദീപ്‌കെ ചോദിച്ചു.
Content Highlight: ‘Jantar Mantar Season 2 going to start very soon’: CJP founder Abhijeet Dipke