ന്യൂദല്ഹി: ജന്തര് മന്ദറില് അതിക്രമിച്ച് കടന്നുവെന്നാരോപിച്ച് സി.ജെ.പി നേതാക്കളെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ട നടപടിയെ അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ഇത് പൂര്ണമായും ഭീരുത്വപരമായ നടപടിയാണെന്നും ജന്തര് മന്ദറില് ദേശീയ പതാക ഉയര്ത്തുന്നത് കുറ്റകരമല്ലെന്നും രാഹുല് ഗാന്ധി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സമാധാനപരമായ പ്രതിഷേധത്തില് ജന്തര് മന്ദറില് ദേശീയ പതാക ഉയര്ത്തുന്നത് കുറ്റകരമല്ല. അതിന്റെ പേരില് യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്,’ അദ്ദേഹം പറഞ്ഞു.
വിദ്യാര്ത്ഥികളും യുവാക്കളും പത്രപ്രവര്ത്തകരും ഇന്ത്യാ ബ്ലോക്കും പ്രവര്ത്തിക്കുന്നത് ഒരേ വിഷയത്തിനാണെന്നും ബാനറുകള് മാത്രമാണ് മാറുന്നതെന്നും രാഹുല് ഗാന്ധി പറഞ്ഞു. എല്ലാവരും പോരാടുന്നത് അവരവരുടെ ഭരണഘടന അവകാശങ്ങള്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
‘ ജന്തര് മന്ദര് ഇന്ത്യയിലെ ജനങ്ങള്ക്ക് അവകാശപ്പെട്ടതാണ്. നമ്മള് അത് തിരിച്ച് പിടിക്കും,’ രാഹുല് ഗാന്ധി പറഞ്ഞു. ജന്തര് മന്ദറില് മിന്നല് പ്രതിഷേധം നടത്തിയ സംഭവത്തില് സി.ജെ.പി സഹ കണ്വീനര്മാരായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരുന്നു.
ജന്തര് മന്ദറില് അതിക്രമിച്ച് കയറിയെന്ന കേസിലാണ് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവരെ കസ്റ്റഡിയിലേക്ക് മാറ്റിയത്. കേസില് കസ്റ്റഡിയാലായിരുന്ന മറ്റൊരു സി.ജെ.പി നേതാവായ അജിങ്ക്യ ഷിന്ഡെയെ പൊലീസ് വ്യക്തിഗത ജാമ്യത്തില് വിട്ടയക്കുകയും ചെയ്തിരുന്നു.
ഇന്നലെയാണ് (ഒക്ടോബര് 13, ചൊവ്വ) പൊലീസ് വിലക്ക് മറികടന്ന് ജന്തര് മന്ദറിലേക്കുള്ള വഴിയിലേക്ക് ഗെയ്റ്റ് ചാടിക്കടന്ന് അശുതോഷ്, സൗരവ്, അജിങ്ക്യ എന്നിവരുടെ നേതൃത്വത്തില് ഇരുപതോളം സി.ജെ.പി പ്രവര്ത്തകര് പ്രതിഷേധിച്ചത്. പ്രതിഷേധക്കാര് ജന്തര് മന്ദറിലെത്തി ദേശീയ പതാക ഉയര്ത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തത്.
Content Highlight: Jantar Mantar belongs to the people of India; jailing the youth is an act of cowardice.