ന്യൂദല്‍ഹി: തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ സ്ഥിരം വേദി ഇനിമുതല്‍ ജന്തര്‍ മന്തര്‍ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവിലെ പ്രതിഷേധ വേദിയായ ജന്തര്‍ മന്തറിന് പകരം പൗരന്മാര്‍ക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള അനുയോജ്യമായ ബദല്‍ വേദികള്‍ പരിശോധക്കുന്നതിനായി ആഭ്യന്തരമന്ത്രാലയം ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സമിതികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധ വേദിയെന്ന നിലയില്‍ ജന്തര്‍ മന്തറിന് നല്‍കിയിരുന്ന അംഗീകാരം ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചതായി ദല്‍ഹി പൊലീസ് കമ്മീഷണര്‍ പ്രസ്താവനയിറക്കിയിരിക്കുന്നു.
ജന്തര്‍ മന്തറിന് പകരം രാംലീല മൈതാനം, ബുരാരി മൈതാനം, കിഴക്കന്‍ ദല്‍ഹിയിലെ സി.ബി.ഡി മൈതാനം എന്നീ മൂന്ന് വേദികള്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനായി നിശ്ചയിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഈ മൂന്ന് വേദികളിലും പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നകതിനുള്ള വിശദമായ പുതുക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ പ്രത്യേകം പുറപ്പെടുവിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഈ വര്‍ഷം ജൂണില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധത്തിന്റെയും ഇപ്പോള്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിന്റെയും പ്രധാന കേന്ദ്രം ജന്തര്‍ മന്തര്‍ ആയിരുന്നു.
ദല്‍ഹി പൊലീസ് കമ്മീഷണറുടെ പ്രസ്താവനയോട് പ്രതികരിച്ച് കൊണ്ട് രാജ്യം മുഴുവന്‍ ഇനി ജന്തര്‍ മന്തര്‍ ആയി മാറുമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ പറഞ്ഞു.
‘ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍ നിന്ന് അവര്‍ നീക്കം ചെയ്തു. അതെ, ഇനി അത് പ്രതിഷേധവേദിയല്ല. ഭീരുവായ ഏകാധിപതി അതിനെ നേരത്തെ തന്നെ ഒരു യുദ്ധക്കളമാക്കി മാറ്റിയല്ലോ! ഇനി രാജ്യം മുഴുവന്‍ ജന്തര്‍ മന്തറായി മാറും’, ദീപ്‌കെ എക്‌സില്‍ കുറിച്ചു.
Content Highlight: Jantar Mantar as a protest venue has been de-notified, according to a Delhi Police circular.