| Saturday, 3rd October 2026, 10:26 pm

ഗ്യാനേഷിന്റെ രാജി: രണ്ടാം ദിനവും തലസ്ഥാനം പ്രതിഷേധച്ചൂടില്‍; 150 പേരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനമായ ഇന്നലെ ജന്തര്‍ മന്തറില്‍ ആരംഭിച്ച പ്രതിഷേധം ഇന്നും തുടര്‍ന്ന് യുവജന വിദ്യാര്‍ത്ഥി സംഘടനകളും. ഐസ, എസ്.എഫ്.ഐ, എന്‍.എസ്.യു.ഐ, ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന-വിദ്യാര്‍ത്ഥി സംഘടനകളാണ് ഇന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചത്.
പ്രതിഷേധത്തില്‍ പങ്കെടുത്ത നൂറിലധികം പേരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ, സ്വരാജ് ഇന്ത്യ അംഗം യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമര നേതാക്കള്‍ ഉള്‍പ്പെടെ ഏകദേശം 150 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി ശനിയാഴ്ച വൈകിട്ടോടെ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ എസ്.ഐ.ആര്‍ മരവിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

പ്രതിഷേധത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഒപ്പം രാജ്യസഭാ എം.പി. കപില്‍ സിബല്‍, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലുള്ള നേതാക്കളും ജന്തര്‍ മന്തറിലെത്തിയിരുന്നു.

ഗാന്ധി ജയന്തി ദിനത്തില്‍ ജന്തര്‍ മന്തറിലേക്ക് നീങ്ങുകയായിരുന്ന ഏകദേശം 550 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേഹ ബോറയും യോഗേന്ദ്ര യാദവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ടു ദിവസങ്ങളിലും പ്രതിഷേധം നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പ്രതികരിച്ചിരുന്നു.

ജന്തര്‍ മന്തറില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിഷേധിക്കാനുള്ള ശ്രമങ്ങള്‍ രണ്ടുദിവസമായി തുടരുന്ന സാഹചര്യത്തില്‍ മധ്യ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന്യൂദല്‍ഹി ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏകദേശം 5000 പോലീസ്-അര്‍ധസൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിന്റെ ദൃശ്യങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. വിദ്യാര്‍ത്ഥികളെ പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോകുന്നതും വീഡിയോകളില്‍ കാണാം.

പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെയും പൊലീസ് അതിക്രമങ്ങളെയും എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷും സി.ജെ.പി നേതാക്കളും അടക്കമുള്ളവര്‍ അപലപിച്ചു.

ഇന്ന് ജന്തര്‍ മന്തറിന് പരിസരത്ത് ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പൗരസമൂഹത്തിലെ അംഗങ്ങള്‍ക്കും നേരെ ദല്‍ഹി പൊലീസ് നടത്തിയ ക്രൂരതയെ അപലപിക്കുന്നുവെന്ന് ഐഷെ ഘോഷ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഒരു രാജ്യദ്രോഹിയെ സംരക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ എന്തുമാത്രം ശ്രമിക്കുന്നുണ്ടെന്ന് ഇന്നലത്തെയും ഇന്നത്തെയും സംഭവങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘ജന്തര്‍ മന്തര്‍ 2.0’ ആരംഭിച്ചു കഴിഞ്ഞു. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യുന്നത് വരെ ഈ സമരം തുടരുമെന്നും ഐഷെ വ്യക്തമാക്കി.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരായ നടപടികള്‍ ദല്‍ഹി പൊലീസ് അവസാനിപ്പിക്കണമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ഒരു ജനാധിപത്യ അവകാശമാണ്. ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ അതിനെ അടിച്ചമര്‍ത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുടെ അനുയായികളെപ്പോലെ പെരുമാറുന്നത് ദല്‍ഹി പൊലീസ് അവസാനിപ്പിക്കണം. വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയും സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിലൂടെ, ദല്‍ഹി പൊലീസ് തങ്ങളുടെ സേനയ്ക്കും രാജ്യത്തിനും നാണക്കേട് മാത്രമാണ് വരുത്തിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ യോഗേന്ദ്ര യാദവിനെയും മറ്റ് പ്രതിഷേധക്കാരെയും തടഞ്ഞുവെച്ച നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സി.ജെ.പി സഹ കോഡിനേറ്റര്‍ സൗരവ് ദാസ് എക്സ് പോസ്റ്റില്‍ പറഞ്ഞു.

ദല്‍ഹി പൊലീസ്, അതിവേഗം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു സേനയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി.ജെ.പി നേതാവ് അശുതോഷ് റാങ്ക പറഞ്ഞു. ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനവും മര്‍ദനവും നേരിട്ടെന്നാരോപിച്ച് നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്ററി സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: Jantar Mantar 2.o- day 2 of anti-CEC protest: Yogendra Yadav, Neha Bora among several detained

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more