| Monday, 23rd May 2016, 12:59 am

തിരിച്ചടിക്കു കാരണം യു.ഡി.എഫില്‍ തുടരണമെന്ന നേതാക്കളുടെ പിടിവാശിയെന്ന് ആരോപണം: ജെ.ഡി.യുവില്‍ പൊട്ടിത്തെറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാനാവാതെ തകര്‍ന്നടിഞ്ഞതോടെ ജനതാദള്‍ യുവില്‍ പൊട്ടിത്തെറി. യു.ഡി.എഫ് വിടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നിട്ടും അതു പരിഗണിക്കാതെ യു.ഡി.എഫില്‍ തുടര്‍ന്നതാണ് ഇത്തരമൊരു കനത്ത തിരിച്ചടിക്ക് കാരണമെന്നു പറഞ്ഞാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴു സീറ്റിലും ജനതാദള്‍ യു. കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മന്ത്രിയുള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ വന്‍മാര്‍ജിനില്‍ തോല്‍വി ഏറ്റുവാങ്ങുന്ന സ്ഥിതിയാണ് കണ്ടത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫില്‍ തന്നെ തുടര്‍ന്നതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളുമാണ് പരാജയത്തിനു കാരണമെന്നും പറഞ്ഞാണ് ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. യു.ഡി.എഫ് വിടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ ഇത് അട്ടിമറിക്കുകയായിരുന്നു.

യു ഡി എഫില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും മുന്നണി മര്യാദ പാലിക്കാത്ത യു ഡി എഫില്‍ തുടരേണ്ടതില്ലെന്നുമുള്ള നിലപാട് ചില നേതാക്കള്‍ അട്ടിമറിക്കുകയായിരുന്നു. ഇവരുടെ താത്പര്യത്തിന് വഴങ്ങിയാണ് പാര്‍ട്ടി യു.ഡി.എഫില്‍ തുടര്‍ന്നത്. ഇവര്‍ക്കെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും തോല്‍വിക്കു ഇടയാക്കിയതായി ഇവര്‍ വിലയിരുത്തുന്നു. പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള വടകരയില്‍ മനയത്ത് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളൊന്നും കണക്കിലെടുക്കാതെ മനയത്തിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുകയായിരുന്നു.

ആയിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ നാണു ഇത്തവണ ഒമ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുണ്ടായ പിഴവാണ് ഇതിനു കാരണമെന്നാണ് ജെ.ഡി.യുവിലെ വിലയിരുത്തല്‍.

പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ ശക്തമായതോടെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ ഒന്നിന് കോഴിക്കോട് നിര്‍ണായക പാര്‍ട്ടി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ഉള്‍പ്പെടെ പങ്കെടുക്കുന്ന ഈ യോഗത്തില്‍ തോല്‍വി വിശകലനം ചെയ്യുകയും മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും ജെ.ജി.യു സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ നിയമസഭയില്‍ രണ്ട് എം.എല്‍.എമാരുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇത്തവണ മത്സരിച്ച സീറ്റുകളിലെല്ലാം പരാജയപ്പെട്ടത്.

കൂത്തുപറമ്പ്, കല്‍പ്പറ്റ, വടകര, എലത്തൂര്‍, അമ്പലപ്പുഴ, നേമം, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇത്തവണ ജെ.ഡി.യു മത്സരിച്ചത്. ഇതില്‍ കൂത്തുപറമ്പില്‍ മത്സരിച്ച മന്ത്രി കെ.പി മോഹനന്‍ ഇടതു സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറോട് 122931 വോട്ടിനാണ് പരാജയപ്പെട്ടത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ നിന്നും 18169 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശ്രേയാംസ്‌കുമാര്‍ എതിര്‍ സ്ഥാനാര്‍ത്ഥി സി.കെ ശശീന്ദ്രനോട് 13083 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

എലത്തൂരില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്ന പി. കിഷന്‍ചന്ദായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫിലെ എ.കെ ശശീന്ദ്രനോട് 29057 വോട്ടിനാണ് തോല്‍വിയേറ്റു വാങ്ങിയത്.

അമ്പലപ്പുഴയില്‍ മത്സരിച്ച ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി. ഹാരിസും മട്ടന്നൂരില്‍ മത്സരിച്ച യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി പ്രശാന്തും നേമത്ത് മത്സരിച്ച വി സുരേന്ദ്രന്‍പിള്ളയുമാണ് പരാജയപ്പെട്ട മറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍.

നേരത്തെ യു.ഡി.എഫ് വിടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായപ്പോള്‍ ജെ ഡി യു ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചു ചേര്‍ത്തിരുന്നു. പതിനാല് ജില്ലാ കൗണ്‍സിലില്‍ പന്ത്രണ്ടും യു.ഡി.എഫ് വിടണമെന്ന അഭിപ്രായമായിരുന്നു മുന്നോട്ട് വെച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മാത്രമാണ് യു.ഡി.എഫില്‍ തുടരാനായി വാദിച്ചിരുന്നത്. കെ പി മോഹനന്‍, മനയത്ത് ചന്ദ്രന്‍ എന്നിവരാണ് യു.ഡി.എഫില്‍ തുടരുന്നതിനായി പാര്‍ട്ടിയില്‍ സമ്മര്‍ദം ചെലുത്തിയത്.

We use cookies to give you the best possible experience. Learn more