| Tuesday, 10th February 2026, 8:25 am

സര്‍വ്വം മായക്ക് മുമ്പ് അഖില്‍ ചെയ്ത സിനിമ ഞാന്‍ കണ്ടിട്ടില്ല; ഇവിടെ സമ്മര്‍ദ്ദം ഒട്ടുമില്ലായിരുന്നു: ജനാര്‍ദനന്‍

ഐറിന്‍ മരിയ ആന്റണി

അഖില്‍ സത്യന്റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തി 2025ലെ സൂപ്പര്‍ ഹിറ്റായി തീര്‍ന്ന ചിത്രമാണ് സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.

പ്രഭേന്ദുവും ഡെലൂലുവും പ്രേക്ഷക മനസില്‍ ഇടം നേടിയത് പോലെ മനസില്‍ കേറിയ പറ്റിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ജനാര്‍ദനന്‍ അവതരിപ്പിച്ച പ്രഹ്‌ളാദന്‍ നമ്പൂതിരി. നിവിന്‍ പോളിയുടെ വല്യച്ഛനായി വേഷമിട്ട ജനാര്‍ദനന്‍ സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Photo: ജനാര്‍ദനന്‍, നിവിന്‍ പോളി സര്‍വ്വം മായ സിനിമയിലെ രംഗത്തില്‍ നിന്നും

മലയാളത്തിലെ മുന്‍നിര സംവിധായരോടൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ജനാര്‍ദനന്‍ ഇപ്പോള്‍ സര്‍വ്വം മായയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. പഴയ തലമുറ പുതിയ തലമുറ എന്നൊരു ചിന്തവന്നിട്ടില്ലെന്നും രണ്ടു വിഭാഗത്തിലും കഴിവുള്ള ഒരുപാട് പേരുണ്ടെന്നും അദ്ദേഹം പറയുന്നു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ജനാര്‍ദനന്‍.

‘നിരവധി സിനിമകള്‍ ചെയ്ത അനുഭവങ്ങളിലൂടെ പലതും പഠിച്ചെടുത്താണ് പഴയ സിനിമാക്കാര്‍ ഇരുത്തം വന്ന നിലയിലേക്ക് മാറിയത്. എന്നാല്‍ പുതിയ തലമുറയിലെ കുട്ടികള്‍ കാര്യങ്ങളെല്ലാം മനസിലാക്കിയും പഠിച്ചെടുത്തുമാണ് സിനിമയിലേക്കിറങ്ങുന്നത്. സര്‍വ്വം മായയ്ക്ക് മുമ്പ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സിനിമ ഞാന്‍ കണ്ടിട്ടില്ല. അഖിലിനെ കുറിച്ച് കൂടുതലായൊന്നും അറിയില്ല.

എന്നാലും അയാള്‍ വന്ന് ക്ഷണിച്ചപ്പോള്‍ അഭിനയിക്കാമെന്നേറ്റു. അതൊരു വിശ്വാസമാണ്, മോശമാകില്ലെന്ന് മനസ് പറഞ്ഞു. നിവിന്റെ വല്യച്ഛന്റെ വേഷമാണെന്ന് മാത്രമേ അഖില്‍ പറഞ്ഞുള്ളു. നിവിന്റെ ആദ്യ സിനിമ മലര്‍വാടി ആട്സ് ക്ലബ്ബില്‍’ ഞാനൊരു വേഷം ചെയ്തിട്ടുണ്ട്. പിന്നീട് ഒന്നിച്ച് അഭിനയിച്ചിട്ടില്ല. കളിയും ചിരിയുമായി യാതൊരുവിധ സമ്മര്‍ദവും നല്‍കാതെയുയുള്ള ചിത്രീകരണമായിരുന്നു സര്‍വ്വം മായയുടേത്,’ ജനാര്‍ദനന്‍ പറഞ്ഞു.

അനുവദിച്ച സമയം തീരുന്നതുവരെ സിനിമയുമായി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും പണ്ടത്തെപ്പോലെ ബഹളങ്ങള്‍ നിറഞ്ഞ രംഗത്തിനോ, സംഘട്ടനത്തിനോ ഒന്നുമല്ല ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

അച്ഛന്‍ വേഷങ്ങളോ വല്യച്ഛന്‍ വേഷങ്ങളോവാണ് മിക്കപ്പോഴും കിട്ടാറുള്ളതെന്നും ജനാര്‍ദനന്‍ കൂട്ടിച്ചേര്‍ത്തു. പരിചയമുള്ള പഴയ സംവിധായകര്‍ തന്നെയാണ് അധികം വേഷങ്ങളുമായി വരുന്നതെന്നും അവരെയൊന്നും നിരാശരാക്കി തിരിച്ചയക്കാന്‍ കഴിയില്ലെന്നും നടന്‍ പറഞ്ഞു.

Content Highlight: Janardhanan on Sarvam Maya Cinema and Akhil Sathyan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more