| Tuesday, 10th February 2026, 6:09 pm

കാക്കകളെ പോലും ഓടിച്ചുവിട്ടാണ് സംവിധായകൻ ആക്ഷൻ പറയുന്നത്; ഹൃദയപൂർവ്വത്തിലെ സിങ്ക് സൗണ്ട് ഒരു വെല്ലുവിളിയായിരുന്നില്ല: ജനാർദ്ദനൻ

നന്ദന എം.സി

മലയാളികൾക്ക് സുപരിചിതനായ നടനാണ് ജനാർദ്ദനൻ. വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും, പിന്നീട് സ്വഭാവ നടനായും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികളെ രസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. ജ്യോതിഷക്കാരനായ ചിറ്റപ്പനായി എത്തിയപ്പോൾ പ്രേക്ഷകർ അതീവ സന്തോഷത്തോടെയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്.

അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ജനാർദ്ദനൻ അവതരിപ്പിച്ചത്. പണ്ടുമുതൽ സിനിമകളിൽ കണ്ടുവന്ന അതേ താരത്തിന്റെ എനർജി സർവ്വം മായയിലും കാണാനായതാണ് പ്രേക്ഷകരെ കൂടുതൽ ആവേശത്തിലാക്കിയത്.

ജനാർദ്ദനൻ, Photo: IMDb

ഇപ്പോൾ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ സർവ്വം മായയുടെ ഷൂട്ടിങ് അനുഭവങ്ങളെയും സിങ്ക് സൗണ്ടിനെ കുറിച്ചും സംസാരിക്കുകയാണ് താരം.

‘വളരെ വേഗത്തിലാണ് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നത്. സിനിമയിലും അത് കാണാം. അഭിനയത്തിലും കഥ പറയുന്ന രീതിയിലും സാങ്കേതികപരമായുമെല്ലാം വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സിനിമയിൽ തുടർന്നുപോകണമെങ്കിൽ കാലത്തിനൊപ്പം സഞ്ചരിക്കേണ്ടിവരും.

അപ്‌ഡേറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ പെട്ടെന്ന് പഴഞ്ചനാകും. പണ്ട് ക്യാമറയ്ക്കുമുന്നിലെ പ്രകടനങ്ങൾ കാണാനും വിലയിരുത്താനും ഫിലിം പ്രോസസിങ് കഴിയുന്നതുവരെ കാത്തിരിക്കണമായിരുന്നു. ഇന്ന് സംവിധായകൻ ‘കട്ട്’ പറയുമ്പോൾതന്നെ മോണിറ്ററിൽ കാര്യങ്ങൾ വിലയിരുത്താൻ സാധിക്കും.

ജനാർദ്ദനൻ, Photo: YouTube/ Screengrab

ഹൃദയപൂർവ്വം സിങ്ക് സൗണ്ടിലാണ് ചിത്രീകരിച്ചത്. അതൊരു വെല്ലുവിളിയായി തോന്നിയില്ല. അഭിനയത്തിന്റെ തുടക്കകാലത്ത് ലൈവ് സൗണ്ട് റെക്കോഡിങ്ങിലൂടെ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അഭിനയവും ശബ്ദവും ഒരേസമയം പകർത്തുമ്പോൾ നിരവധി ഗുണങ്ങളുണ്ട്. കഥാപാത്രത്തിന്റെ ശ്വാസനിശ്വാസങ്ങളും ചെറിയ മൂളക്കങ്ങളും വരെ സ്വാഭാവികമായി സീനിലേക്ക് കടന്നുവരും. അഭിനയിച്ച് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ് കഥാപാത്രത്തിന്റെ അതേ ഫീലിൽ ലിപ് മൂവ്മെന്റ് നോക്കി ഡബ്ബ് ചെയ്യുന്നത് രണ്ടാമതൊരു ജോലി ചെയ്യുന്നതുപോലെയാണ്,’ ജനാർദ്ദനൻ പറഞ്ഞു.

ആദ്യകാലത്ത് അഭിനയവും ലൈവ് റെക്കോഡിങ്ങുമെല്ലാം സ്റ്റുഡിയോയിലായിരുന്നു. ഇന്ന് സിനിമ മുഴുവൻ ഔട്ട്ഡോറിൽ സിങ്ക് സൗണ്ടിൽ ചിത്രീകരിക്കുമ്പോൾ സെറ്റ് പൂർണമായും നിശ്ശബ്ദമാകണം. അവിടെ നിന്ന് കാക്കകളെ പോലും ഓടിച്ചുവിട്ടാണ് സംവിധായകൻ ആക്ഷൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിവിൻ പോളി നായകനായെത്തിയ സർവ്വം മായയിൽ അജു വർഗീസ്, റിയ ഷിബു, അൽത്താഫ് സലിം, രഘുനാഥ് പാലേരി, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Content Highlight: Janardanan talk about his movie shooting experience

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more