| Monday, 3rd November 2025, 3:11 pm

ചെറുപ്പത്തില്‍ തടിച്ച് വണ്ണമൊക്കെ വെച്ച മോഹന്‍ലാലിനെ ആ നാട്ടിലുള്ളവര്‍ പൂവന്‍പഴം എന്നായിരുന്നു വിളിച്ചിരുന്നത്: ജനാര്‍ദനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഞ്ച് പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജനാര്‍ദനന്‍. വില്ലനായി കരിയര്‍ ആരംഭിച്ച് ഹാസ്യനടനായും സ്വഭാവനടനായും തന്റെ കഴിവ് തെളിയിച്ച ജനാര്‍ദനന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുമായും മോഹന്‍ലാലുമായും പണ്ടുമുതലേ അടുപ്പമുണ്ടായിരുന്നെന്ന് പറയുകയാണ് അദ്ദേഹം.

മമ്മൂട്ടി തന്റെ നാട്ടുകാരനാണെന്നും ഇപ്പോഴും ഇടക്കെല്ലാം വിളിച്ച് അന്വേഷിക്കാറുണ്ടെന്നും ജനാര്‍ദനന്‍ പറയുന്നു. ജ്യേഷ്ഠതുല്യനായാണ് മമ്മൂട്ടി തന്നെ കാണുന്നതെന്നും ഇപ്പോഴും ആ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ താന്‍ ചെറുപ്പം മുതല്‍ കാണാറുണ്ടെന്നും പൂജപ്പുരയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു ജനാര്‍ദനന്‍.

‘മോഹന്‍ലാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് അയാളെ അറിയാം. അന്ന് അവിടെയുള്ളവര്‍ ലാലിനെ വിളിച്ചുകൊണ്ടിരുന്ന ഒരു ഇരട്ടപേരുണ്ട്. അത് പറഞ്ഞാല്‍ അവനെന്നെ തല്ലും. എന്നാലും ആ പേര് ഞാന്‍ പറയും. അന്നേ ആള് നല്ല സുന്ദരനാ. തടിച്ച് വണ്ണമൊക്കെ വെച്ച മോഹന്‍ലാലിനെ ആദ്യമായി കണ്ടത് പൂജപ്പുരയില്‍ പോയപ്പോഴായിരുന്നു.

അവിടെ എന്റെ സഹോദരന്റെ വീടുണ്ട്. അതിന്റെ മുകളില്‍ ഞാനും സഹോദരനും ഇരിക്കുമ്പോള്‍ റോഡിലൂടെ ലാല്‍ നടന്നു പോകുന്നു. അത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. ആ സമയത്ത് അവിടത്തെ ജോലിക്കാരിലൊരാള്‍ ‘സാറേ ആ പോകുന്നത് വിശ്വനാഥന്‍ സാറിന്റെ മകനാ. അവനെ ഇവിടെ എല്ലാവരും വിളിക്കുന്നത് പൂവന്‍ പഴം എന്നാ’ എന്ന് എന്നോട് പറഞ്ഞു.

അന്നാണ് ലാലിന് അങ്ങനെയൊരു പേരുണ്ടെന്ന് എനിക്ക് മനസിലായത്. ഇത് ഞാന്‍ ലാലിനോട് ഇടക്ക് പറയാറുണ്ട്. അങ്ങനെയാണ് ഞാനും ലാലും തമ്മിലുള്ള ബന്ധം. മമ്മൂട്ടി എന്റെ നാട്ടുകാരനായതുകൊണ്ട് പണ്ടേ അറിയാം. ഈയിടക്ക് ഒരു അവാര്‍ഡ് ഫങ്ഷന് ഞാന്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. മമ്മൂട്ടിയെ പരിചയപ്പെടുന്നതിന് മുമ്പ് അയാളുടെ അച്ഛനെ എനിക്കറിയാമായിരുന്നു.

ഈയിടക്ക് മമ്മൂട്ടിക്ക് അസുഖമൊക്കെ ആയപ്പോള്‍ ഞാന്‍ എപ്പോഴും വിളിച്ച് അന്വേഷിക്കുമായിരുന്നു. ഓരോ തവണയും ചികിത്സയുടെ വിവരങ്ങള്‍ ചോദിച്ച് അന്വേഷിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാം ഓക്കെയായി ആളിപ്പോള്‍ യു.കെയിലാണ്. അവിടത്തെ ഷൂട്ട് കഴിഞ്ഞിട്ട് അധികം വൈകാതെ കേരളത്തിലെത്തും. ആളിപ്പോള്‍ പഴയതുപോലെ ആക്ടീവായതില്‍ സന്തോഷം’ ജനാര്‍ദനന്‍ പറഞ്ഞു.

Content Highlight: Janaradhanan shares the old memories about Mohanlal

We use cookies to give you the best possible experience. Learn more