ന്യൂദൽഹി: ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. തമിഴ് നടനും തമിഴക വെട്രി കഴകത്തിന്റെ സ്ഥാപക നേതാവുമായ വിജയുടെ അവസാന ചിത്രമായ ജനനായകന്റെ പ്രദർശനാനുമതി തേടികൊണ്ടുള്ള ഹരജി തള്ളി സുപ്രീം കോടതി.
കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നും സുപ്രീം കോടതി പറഞ്ഞു. നിർമാതാക്കൾക്കുള്ള വിമർശനങ്ങളോടും നിരീക്ഷണങ്ങളോടും കൂടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.
അതിവേഗത്തിലാണ് നിർമാതാക്കൾ നിയമ നടപടികളിലേക്ക് കടന്നതെന്നും സെൻസർ ബോർഡിന് വിഷയത്തിൽ പ്രതികരിക്കാനുള്ള സമയംപോലും നൽകിയില്ലയെന്ന വിമർശനവും സുപ്രീം കോടതി ഉന്നയിച്ചു.
ജനനായകന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷന്സിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ചില ക്രമക്കേടുകൾ നാടാണെന്നാണ് നിർമാതാക്കൾ ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നത്. 500 കോടിയിലധികം ചെലവിൽ നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ നഷ്ടം നേരിടുന്നുണ്ടെന്നും നിർമാതാക്കൾ സുപ്രീം കോടതിയിൽ പറഞ്ഞു.
എന്നാൽ ഈ വാദങ്ങളെല്ലാം ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കൂയെന്ന് സുപ്രീം കോടതി പ്രതികരിച്ചു.
ഈ മാസം 20 നാണ് ഡിവിഷൻ ബെഞ്ച് വീണ്ടും കേസ് പരിഗണിക്കുമെന്നന്നും അന്ന് ഈ വാദങ്ങൾ ഉന്നയിക്കൂയെന്നും ഡിവിഷൻ ബെഞ്ച് കേസിൽ തീർപ്പുണ്ടാക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് സെൻസർ സർട്ടിഫിക്കറ്റ് നൽകാനായി ഉത്തരവിട്ടെങ്കിലും മത വികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങൾ ചിത്രത്തിലുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡിവിഷൻ ബെഞ്ച് അത് തടഞ്ഞിരുന്നു.
ഈ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിലാണ് കെ.വി.എൻ പ്രൊഡക്ഷൻസ് നിർമാതാക്കൾക്ക് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
സുപ്രീം കോടതിയിൽ ഹരജി വന്നതിന് പിന്നാലെ സെൻസർബോർഡ് ഒരു തടസ ഹരജി നൽകിയിരുന്നു. തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സെൻസർബോർഡ് പറഞ്ഞിരുന്നു. തടസ ഹരജിയും ഇന്ന് പരിഗണിക്കാൻ ഉണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും കൂടുതൽ വാദപ്രതിവാദങ്ങളിലേക്ക് പോകാതെയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.
Content Highlight: Jananayakkan setback in Supreme Court