| Thursday, 26th February 2026, 8:00 am

പിറന്നാൾ സമ്മാനമായി ജന നായകൻ റിലീസിനൊരുങ്ങുന്നു

നന്ദന എം.സി

തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന അവസാന ചിത്രമായ ‘ജന നായകൻ’ റിലീസ് തീയതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം 2026 ജൂൺ 18ന് തിയേറ്ററുകളിലെത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാൽ ഇതുവരെ നിർമാതാക്കളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ റിലീസുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.

വിജയ്, Photo: IMDb

ആദ്യമായി 2026 ജനുവരി 9ന് പൊങ്കൽ റിലീസായി ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സെൻസർ സർട്ടിഫിക്കേഷൻ നടപടികളിൽ ഉണ്ടായ താമസവും ചില നിയമപരമായ സങ്കീർണ്ണതകളും റിലീസ് നീളാൻ കാരണമായി. ചിത്രത്തിൽ ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർറ്റിഫിക്കേഷൻ (CBFC) വിശദമായ പരിശോധന നടത്തിയെന്നാണ് വിവരം. സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാകാതെ ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്തതിനാൽ നിർമാതാക്കൾക്ക് പുതിയ തീയതി പരിഗണിക്കേണ്ടിവന്നു.

തെരഞ്ഞെടുപ്പ് ചട്ട പ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രാബല്യത്തിൽ വരുന്ന മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് നിലവിലുള്ളതിനാൽ ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ ഏപ്രിൽ മാസത്തിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനും സാധിക്കില്ല.

ഇപ്പോൾ ജൂൺ 18 ന് തീയതി പരിഗണിക്കുന്നതിനു പിന്നിൽ വിജയിന്റെ പിറന്നാൾ (ജൂൺ 22) അടുത്തുവരുന്നതും ദീർഘവാരാന്ത്യ റിലീസ് സാധ്യതയുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ആരാധകരുടെ ആവേശം പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിൽ വലിയൊരു ഓപ്പണിങ് ലക്ഷ്യമിട്ടാണ് അണിയറ പ്രവർത്തകരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിജയ്, Photo: IMDb

എങ്കിലും ജൂൺ 18 റിലീസ് സംബന്ധിച്ച വിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സെൻസർ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ നിർണായക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

അതെ സമയം വരാനിരിക്കുന്ന തമിഴ്നാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്.

ഇലക്ഷനിൽ വിജയ് ജയിക്കുകയാണെങ്കിൽ ‘ചീഫ് മിനിസ്റ്റർ’ എന്ന ടാഗ്‌ലൈനോടെ അദ്ദേഹത്തിന്റെ ചിത്രം റിലീസ് ചെയ്യാമെന്ന അഭിപ്രായമാണ് ചില ആരാധകർ പങ്കുവെക്കുന്നത്. രാഷ്ട്രീയ വിജയം സിനിമയുടെ പ്രമോഷനിൽ തന്നെ മാറ്റം കൊണ്ടുവരുമെന്ന തരത്തിലാണ് ചർച്ചകൾ.

എന്നാൽ, തെരഞ്ഞെടുപ്പിൽ പരാജയമാണെങ്കിൽ വിജയിനെയും അദ്ദേഹത്തിന്റെ ആരാധകരെയും ട്രോൾമഴ കാത്തിരിക്കുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. ഇതിനോടകം തന്നെ മീമുകളും പരിഹാസ കമന്റുകളും പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്.

Content Highlight: Jananayakaan is set to release as a birthday gift

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more